ഒരു കമ്പനിയിൽ സാധാരണയായി പലതരത്തിലുള്ള ലീവുകളുണ്ടാകാറുണ്ട്. കമ്പനി അനുസരിച്ച് പലതരം പെയ്ഡ് ഡീവുകളാണ് ഉണ്ടാകാറുള്ളത്. സിക്ക് ലീവ്, കാഷ്വൽ ലീവ്, പ്രിവിലേജ് ലീവ് എന്നിങ്ങനെ നിരവധി ലീവുകളുണ്ട്. ലീവില്ലാതെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുക എന്നത് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്.
എന്നാൽ, ലീവിനെ കുറിച്ചുള്ള വ്യത്യസ്തമായൊരു കമ്പനി നിർദേശമാണ് വിമർശനം ഏറ്റുവാങ്ങുന്നത്. സാധാരണ മക്കളുള്ള മാതാപിതാക്കൾക്ക് പല ആവശ്യങ്ങൾക്കായി ലീവെടുക്കേണ്ടി വരാറുണ്ട്. എന്നാൽ, മക്കൾക്ക് അസുഖം വന്നാൽ ലീവെടുക്കരുതെന്ന കമ്പനി നോട്ടീസ് ആണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
റെഡ്ഡിറ്റ് ഫോറം ആന്റിവർക്കിലാണ് ഈ നോട്ടീസ് പങ്കുവച്ചിരിക്കുന്നത്. തൊഴിലാളികളുടെ മക്കൾക്ക് അസുഖമാണ് എന്നത് ലീവെടുക്കാനുള്ള ഒരു കാരണമായി കണക്കാക്കാൻ ആവില്ലെന്നാണ് നോട്ടീസിൽ പറയുന്നത്.
‘നിങ്ങളുടെ മക്കൾക്ക് അസുഖമാണ് എന്നത് ജോലിക്ക് ലീവെടുക്കാനുള്ള ഒരു കാരണമായി കണക്കാക്കാൻ കഴിയില്ല. ഞങ്ങൾ നിങ്ങളുടെ കുട്ടികളെ ജോലിക്ക് എടുത്തിട്ടില്ല. അതിനാൽ തന്നെ അവരുടെ അസുഖം നിങ്ങൾക്ക് ജോലിക്ക് വരാതിരിക്കാനുള്ള ഒരു ഒഴിവുകഴിവല്ല. ഗോ ടീം’ എന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
നോട്ടീസ് വൈറലായതോടെ, നിരവധി പേരാണ് വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. നിരവധി പേർ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. വിഡ്ഡിയായ സ്ഥാപന ഉടമ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള നിയമങ്ങളൊക്കെ വച്ചാൽ, ജീവനക്കാർ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ലീവെടുക്കും എന്ന് മറ്റൊരാൾ കുറിച്ചു. സ്വന്തം കുട്ടിക്ക് അസുഖം വന്നാൽ, ലീവെടുക്കാതെ എന്ത് ചെയ്യാനാണ് എന്നും കമന്റുകളുണ്ട്.
Discussion about this post