കേരളത്തിൽ നിന്നും വിനോദയാത്രകൾ പോകുമ്പോൾ യാത്രകൾ രാത്രിയിലാക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് മുരളി തുമ്മാരക്കുടി. താമസത്തിന്റെ കണക്കിൽ അൽപ്പം ലാഭം കാണാനാണ് ഇത്തരത്തിൽ യാത്രകൾ രാത്രിയിലാക്കുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് കൂടുതൽ പണം ആശുപത്രിയിഉൽ ചിലവാക്കേണ്ട സ്ഥിതിയിലേക്കായിരിക്കും നയിക്കുക, മറ്റ് ചിലപ്പോൾ ജീവൻ പോലും പോവുന്ന അവസ്ഥയുണ്ടാകുമെന്നും മുരളി തുമ്മാരക്കുടി മുന്നറിയിപ്പ് നൽകി.
രാത്രി 11 മണിക്ക് ശേഷവും രാവിലെ 5 മണിക്ക് മമ്പും യാത്ര ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് ഡ്രൈവർ രാവിലത്തെ സമയം മുഴുവൻ ജോലി ചെയ്തിട്ടുള്ള ആളാണെങ്കിലെന്നും മുരളി തുമ്മാരക്കുടി പറയുന്നു. ഇതുപോലെ തന്നെ അപകടകരമായ കാര്യമാണ്, ടൂറിസ്റ്റ് ടാക്‌സികളുടെ ഓട്ടം. മലയാളികളെയും മറുനാട്ടുകാരെയും വിദേശികളെയുമെല്ലാം കൊച്ചിയിൽ നിന്നും മൂന്നാറിലേക്കും തിരുവനന്തപുരത്ത് നിന്നും തേക്കടിയിലേക്കുമെല്ലാം യാത്ര കൊണ്ടുപോകുന്ന ആയിരക്കണക്കിന് ടൂറിസ്റ്റ് ടാക്‌സികളാണ് കേരളത്തിലുള്ളത്. രാത്രി ഏറെ വൈകിയും യാത്രക്കാരെ ഹോട്ടലുകളിൽ ആക്കിയതിന് ശേഷം, വണ്ടിയിൽ തന്നെയാണ് മിക്ക ടക്‌സി ഡ്രൈവർമാരും കിടന്നുറങ്ങുക പതിവ്. ഇതേപ്പറ്റി യാത്രക്കാർ പലപ്പോഴും ശ്രദ്ധിക്കാറില്ല. രാത്രിയിൽ നല്ല രീതിയിൽ ഉറക്കം കിട്ടാതെയും രാവിലെ ഒന്ന് കുളിക്കാതെയും വേണ്ടത്ര ഉൻമേഷമില്ലാതെയാകും ഇവർ പിറ്റേ ദിവസം വാഹനം ഓടിക്കുക. ചെറിയ ലാഭം പ്രതീക്ഷിച്ച് ചെയ്യുന്ന ഇത്തരം കാര്യങ്ങൾ യാത്രക്കാർക്ക് തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം ഉണ്ടാക്കുന്നത്.
അതുകൊണ്ടുതന്നെ, ഒരു ടാക്‌സി വിളിച്ചാണ് നിങ്ങൾ യാത്ര പോവുന്നതെങ്കിൽ, നിങ്ങൾ രാത്രി സ്‌റ്റേ ചെയ്യുന്നതു പോലെ തന്നെ നിങ്ങളുടെ ഡ്രൈവർ എവിടെയാണ് താമസിക്കുന്നതെന്നും പ്ലാൻ ചെയ്യേണ്ടതാണ്. ഡ്രൈവർമാർക്കും റൂം സൗകര്യമുണ്ടോ എന്ന് ശ്രദ്ധിക്കാൻ മറക്കരുത്.
ടൂറിസം പ്രൊഫഷണലായി നടത്തുന്ന മറ്റു രാജ്യങ്ങളിലെ ഹോട്ടലുകളിൽ ഡ്രൈവർമാർക്ക് പ്രത്യേകം ഡോർമെട്രി സൗകര്യങ്ങൾ ലഭ്യമാണ്. ഉറങ്ങാനും മറ്റ് പ്രാഥമിക സൗകര്യങ്ങൾക്കും വൃത്തിയുള്ള റൂമുകൾ അവർ ഡ്രൈവർമാർക്ക് ഉറപ്പുവരുത്തുന്നു. എന്നാൽ, കേരളത്തിൽ വൻകിട ഹോട്ടലുകളിലോ ഹോം സ്‌റ്റേകളിലോ പോലും ഇത്തരം സൗകര്യങ്ങൾ നൽകാറില്ല. ഈ സാഹചര്യം മാറേണ്ടത് അത്യാവശ്യമാണ്. ഹോട്ടലുകളും ഹോം സ്‌റ്റേകളും നടത്തുന്നവർ, ഓട്ടം വരുന്ന ഡ്രൈവർമാർക്കുള്ള റൂം സൗകര്യം കൂടി കണക്കു കൂട്ടി വേണം സൗകര്യങ്ങൾ ഒരുക്കാനെന്നും മുരളി തുമ്മാരക്കുടി ഓർമിപ്പിക്കുന്നു.
Discussion about this post