കാസർകോട്: കാവി പെയ്ന്റ് അടിച്ച വീട് പാർട്ടി ഗ്രാമത്തിന് ചേർന്നതല്ലെന്ന സിപിഎം നേതാവിന്റെ ഭീഷണിക്കെതിരെ പ്രതിഷേധം. ഗൃഹപ്രവേശത്തിന് തലേദിവസമാണ് സിപിഎം നേതാവ് ഭീഷണിയുമായെത്തിയത്. നല്ലൊരു ചടങ്ങിന്റെ സന്തോഷം ഇല്ലാതാക്കിയതോടെയാണ് ബ്രാഞ്ച് സമ്മേളന വേദിയിൽ കാവി ധരിച്ച് കാവി വാഹനത്തിലെത്തി പാർട്ടി അനുഭാവി പ്രതിഷേധിച്ചത്.
തൃക്കരിപ്പൂർ മണിയാട്ട് വടക്ക് ബ്രാഞ്ച് പരിധിയിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു ഗൃഹപ്രവേശം തീരുമാനിച്ചിരുന്നത്. ഭർത്താവ് ഗൾഫിലായതു കൊണ്ട് ഗൃഹനാഥയായിരുന്നു വീടിന്റെ പണികൾ നോക്കി നടത്തിയിരുന്നത്. എന്നാൽ തലേദിവസം ഗൃഹനാഥയെ വന്ന് കണ്ട കർഷക സംഘം നേതാവും മുൻ സഹകരണ ബാങ്ക് പ്രസിഡന്റുമായ എംവി കോമൻ നമ്പ്യാർ പാർട്ടി ഗ്രാമത്തിൽ കാവി കളർ പെയ്ന്റ് വീടിന് അടിക്കാൻ പാടില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗ്രാമത്തിൽ പതിവില്ലാത്ത രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അവരോട് പറഞ്ഞു. ഇത് നാടിന് യോജിച്ച നിറമല്ലെന്നായിരുന്നു നേതാവിന്റെ വാദം. എന്നാൽ, എൻജിനീയറുടെ താത്പര്യത്തിലാണ് വീടിന് പെയ്ന്റ് അടിച്ചതെന്നും കാവിയല്ല, ഒറഞ്ച് നിറമാണെന്നും കുടുംബം വിശദീകരിച്ചെങ്കിലും അത്‌കേൾക്കാൻ സപിഎം നേതാവ് തയ്യാറായിരുന്നില്ല.
സംഭവം നാട്ടിൽ ചർച്ചയായതോടെയാണ് പാർട്ടി അനുഭാവി തന്നെ, കാവിയുടുത്ത് കാവി നിറമുള്ള സ്‌കൂട്ടറിൽ ബ്രാഞ്ച് സമ്മേളനത്തിന് എത്തി പ്രതിഷേധിച്ചത്. ഇന്നലെയായിരുന്നു സിപിഎം മണിയാട്ട് വടക്ക് ബ്രാഞ്ച് സമ്മേളനം. ഇവിടേക്കാണ് മുംബൈയിൽ ജോലി ചെയ്യുന്ന യുവാവ് കാവി ധരിച്ച് എത്തിയത്. നേതാവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടി നിലപാടല്ലെന്നും ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു.
Discussion about this post