നമ്മുടെ ദേശീയമൃഗമായ കടുവകളെ കണ്ടിട്ടില്ലേ.. ആകാരഭംഗിയിലും ശൗര്യത്തിലും അവയെ വെല്ലാൻ മറ്റൊരു ജീവി പോലും ഇല്ലെന്ന് തോന്നിപ്പോകും. ശക്തിയും ഭംഗിയും കണ്ടാൽ കാട്ടിലെ രാജാവായി അവരോധിച്ചുപോകും. കാടിന്റെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചാണ് കടുവകളുടെ നിൽപ്പ്. ലോകത്തിൽ അനേകമായിരം കടുവകൾ ഉണ്ടെങ്കിലും ഫാൻബേസിന്റെ മുൻപിൽ ഒരേയൊരു കടുവയേ ഉള്ളൂ. അത് ഇന്ത്യയിലെ ഒരു കടുവയാണ്. ലോകത്തിലെ പലഭാഗത്ത് നിന്ന് പോലും ഈ കടുവയുടെ ചിത്രങ്ങളെടുക്കാൻ കടുവാപ്രേമികൾ എത്താറുണ്ട്.
രാജസ്ഥാനിലെ രൺഥംബോർ എന്ന പ്രദേശത്ത് സർക്കാർ പരിപാലിച്ചുപോന്നിരുന്ന കടുവയായിരുന്നു മച്ചിലി എന്ന പെൺകടുവ. 19 വയസുള്ള മച്ച്‌ലി ലോകത്തെ തന്നെ ഏറ്റവും പ്രായമുള്ള കടുവയായിരുന്നു ഇത്. എന്നാൽ കടുവപ്രേമികളെ ദുഃഖത്തിലാഴ്ത്തി മച്ച്‌ലി വിടവാങ്ങി. 2016 ഓഗസ്റ്റ് 18 നാണ് മച്ച്‌ലി വിടവാങ്ങിയത്.
1997ലാണ് രൺഥംബോറിലത്തെിയത്. മച്ച്‌ലിയുടെ പേരിൽ ഉദ്യാനം അധികൃതർ ഫേസ്ബക്ക്് പേജ് വരെ തുടങ്ങിയിരുന്നു.മുഖത്തെ മത്സ്യത്തോട് സാമ്യമുള്ള അടയാളങ്ങളുടെ പേരിലാണ് ‘മച്ച്‌ലി’ എന്ന വിളിപ്പേര് കിട്ടിയത്. പ്രശസ്ത ഡോക്യുമെൻററി ഛായാഗ്രാഹകൻ കോളിൻ പാട്രിക്കാണ് ‘മത്സ്യക്കടുവ’ എന്ന പേരിട്ടത്. വന്യജീവികളുമായി ബന്ധപ്പെട്ട ഡോക്യുമെൻററിയിൽ തന്നേക്കാളേറെ വലുപ്പമുള്ള മുതലയുമായുള്ള പോരാട്ടം മച്ച്‌ലിയെ പ്രശസ്തയാക്കി. 2 മണിക്കൂർ നേരത്തെ പോരാട്ടത്തിനൊടുവിൽ മുതലയെ കൊന്ന് ഭക്ഷിച്ചാണാ വീരഗാഥ.
എപ്പോഴും ഉദ്യാനത്തിലെ തടകാത്തിനരികെ വിഹരിക്കുന്നതിനാൽ തടാകത്തിലെ രാജ്ഞിയെന്നും ഇവൾ അറിയപ്പെടുന്നു. സഞ്ചാരികൾക്കുമുന്നിൽ പ്രസന്നതയോടെ പ്രത്യക്ഷപ്പെട്ടിരുന്നതിനാൽ മച്ച്‌ലിയുടെ പടം പകർത്തിയിട്ടേ സന്ദർശകർ ഉദ്യാനം വിടുമായിരുന്നുള്ളൂ. കരുത്തരായ ആൺകടുവകളൊക്കെ മച്ച്‌ലിയ്ക്ക് മുൻപിൽ നിഷ്പ്രഭരായി വീണ്‌പോയിരുന്നു.
കുഞ്ഞുങ്ങൾ ഉള്ളൊരു പെൺകടുവയെ കണ്ടു കിട്ടിയാൽ, ഒരു അന്യ ആൺകടുവ ആദ്യം ചെയ്യുക ആ കുഞ്ഞുങ്ങളെ കൊല്ലുക എന്നതാണ്. എന്നാൽ മാത്രമേ ആ പെൺകടുവയുമായി ഇണചേരാൻ സാധിക്കുകയുള്ളൂ എന്നതാണ് കാരണം. കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനിടയിൽ അമ്മക്കടുവയ്ക്ക് സാരമായി പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്യും. രക്ഷപ്പെട്ടാൽ പോലും വേട്ടയാടാനാവാതെ വിശന്നുമരിക്കും. എന്നാൽ മച്ച്‌ലിയുടെ കാര്യത്തിൽ അവൾ താമസച്ചിരുന്ന ഉദ്യാനത്തിലെ അറുപത് ശതമാനം കടുവകളും അവളുടെ കുട്ടികളായിരുന്നു. അവൾ കുട്ടികൾക്ക് വേണ്ടി ആൺകടുവകളുമായി മൽപ്പിടുത്തം നടത്താറുണ്ട്. പോരാട്ടത്തിനിടെ അവളുടെ പല്ലുകളും എന്തിനേറെ കണ്ണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നിട്ടും അവൾ പോരാട്ടം തുടർന്നു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിലും കുട്ടികളെ വേട്ടയാടാൻ പഠിപ്പിക്കുന്നതിലും ഇവളേക്കാൾ കേമിയായ കടുവയില്ല. നേരിട്ടും അല്ലാതെയും മച്ചിലി കാരണം ഇത് വരെ ഉണ്ടായ സാമ്പത്തിക ലാഭം 200 മില്യൺ ഡോളറോളമാണ്.
Discussion about this post