തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചതായുള്ള തനിക്കെതിരായ പരാതിയുടെ പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായി നടൻ നിവിൻ പോളി. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് പീഡനപരാതിക്ക് പിന്നിലെന്നും സംശയിക്കുന്നതായി നിവിൻ പോളി വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം വ്യക്തമാക്കിയത്.
ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തിയാണ് താരം പരാതി നൽകിയത്. ക്രൈംബ്രഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് ആണ് പ്രത്യേക അന്വേഷണ തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് പരാതി നൽകിയത്.
അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു നിവിനെതിരായ യുവതിയുടെ ആരോപണം. തന്നെ മുറിയിൽ പൂട്ടിയിട്ട് ചൂഷണം ചെയ്തുവെന്നും മൊബൈൽ ഉൾപ്പെടെ തട്ടിയെടുത്തുവെന്നും യുവതി ആരോപിച്ചിരുന്നു. എന്നാൽ, യുവതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്നെ ഇത് നിഷേധിച്ച് നിവിൻ രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ, നിവിനെ പിന്തുണച്ച് വിനീത് ശ്രീനിവാസൻ, നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യം, നടി പാർവതി കൃഷ്ണ എന്നിവരും രംഗത്തെത്തി. യുവതിയെ ദുബായിയിൽ വച്ച് പീഡിപ്പിച്ചെന്ന തീയതികളിൽ നിവിൻ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും അവർ പുറത്ത് വിട്ടു. ഇതിന് പിന്നാലെയാണ് നിവിൻ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.
Discussion about this post