ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് ജവാന് പരിക്കേറ്റു. ഇന്ന് പുലർച്ചെയോടെയായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. അതിർത്തി സംരക്ഷണ സേനയും ശക്തമായി തിരിച്ചടിച്ചു.
അഖ്‌നൂരിലെ അതിർത്തി മേഖലയിൽ ആണ് സംഭവം ഉണ്ടായത്. പുലർച്ചെ 2.35 നായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് സുരക്ഷാ സേന നൽകുന്ന വിവരം. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം നിർത്താതെ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വെടിവയ്പ്പിലാണ് ജവാന് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിൽ അശാന്തി സൃഷ്ടിക്കാനുള്ള പാക് ശ്രമമാണ് ഉണ്ടായത് എന്ന് സൈനിക വൃത്തങ്ങൾ പ്രതികരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം ആദ്യമായിട്ടാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ഇത്രയും ശക്തമായ ആക്രമണം നടത്തുന്നത്. 2021 ൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ താക്കീത് നൽകുകയായിരുന്നു.
Discussion about this post