2026 അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ പാകിസ്താൻ വിജയിച്ചെങ്കിലും, കളി ജയിച്ച രീതി വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സിംബാബ്‌വെയെ പരാജയപ്പെടുത്തിയതിലൂടെ സ്കോട്ട്‌ലൻഡ് ടൂർണമെന്റിൽ നിന്ന് പുറത്താവുകയും പാകിസ്താൻ സൂപ്പർ സിക്സിലേക്ക് യോഗ്യത നേടുകയും ചെയ്തു. എന്നാൽ ഈ വിജയത്തിന് പിന്നിൽ പാകിസ്താൻ നടത്തിയ ‘തന്ത്രപരമായ കളി’ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
സിംബാബ്‌വെ ഉയർത്തിയ 129 റൺസ് ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഒരു ഘട്ടത്തിൽ 14 ഓവറിൽ 84 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ പെട്ടെന്ന് പാകിസ്താൻ ബാറ്റർമാർ റൺസ് എടുക്കുന്ന വേഗത കുറച്ചു. തുടർച്ചയായ 89 പന്തുകളിൽ ഒരൊറ്റ ഫോർ പോലും അടിക്കാതെ അവർ ബാറ്റിംഗ് മന്ദഗതിയിലാക്കി. 16 മുതൽ 25 വരെയുള്ള ഓവറുകളിൽ വെറും 27 റൺസ് മാത്രമാണ് പാകിസ്താൻ എടുത്തത്. ഒടുവിൽ ലക്ഷ്യത്തിന് തൊട്ടടുത്തെത്തിയപ്പോൾ രണ്ട് വലിയ സിക്സറുകളിലൂടെ അവർ കളി ജയിപ്പിക്കുകയും ചെയ്തു.
സൂപ്പർ സിക്സിലെ നിയമങ്ങൾ അനുസരിച്ച്, ഗ്രൂപ്പിൽ നിന്ന് തങ്ങളോടൊപ്പം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ടീമിനെതിരെ നേടിയ പോയിന്റുകളും നെറ്റ് റൺറേറ്റും മാത്രമേ അടുത്ത ഘട്ടത്തിൽ കണക്കിലെടുക്കൂ. പാകിസ്ഥാൻ സ്കോട്ട്‌ലൻഡിനെതിരെ നേടിയതിനേക്കാൾ വലിയ വിജയമായിരുന്നു സിംബാബ്‌വെയ്ക്കെതിരെ നേരത്തെ കണക്കാക്കിയിരുന്നത്.
സിംബാബ്‌വെ സൂപ്പർ സിക്സിലേക്ക് വരികയാണെങ്കിൽ പാകിസ്താന്റെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുമായിരുന്നു. എന്നാൽ സ്കോട്ട്‌ലൻഡ് ആണ് വരുന്നതെങ്കിൽ പാകിസ്താന്റെ റൺറേറ്റ് കുറയുമായിരുന്നു. ഇതുകൊണ്ടാണ് സ്കോട്ട്‌ലൻഡിനെ പുറത്താക്കി സിംബാബ്‌വെയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാൻ പാകിസ്താൻ ബോധപൂർവ്വം കളി വൈകിപ്പിച്ചത് എന്ന് ആരോപിക്കപ്പെടുന്നു.
സ്കോട്ട്‌ലൻഡ് ടീമിനെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത അനീതിയാണ്. പാകിസ്താൻ സാധാരണ പോലെ കളിച്ചിരുന്നെങ്കിൽ അവർ നേരത്തെ കളി ജയിക്കുകയും സ്കോട്ട്‌ലൻഡ് മികച്ച റൺറേറ്റിൽ സൂപ്പർ സിക്സിൽ എത്തുകയും ചെയ്യുമായിരുന്നു. പാകിസ്താന്റെ മനഃപൂർവ്വമായ മന്ദഗതിയിലുള്ള ബാറ്റിംഗാണ് സ്കോട്ട്‌ലൻഡിന്റെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്തത്.
മത്സരത്തിനിടെ കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ സിംബാബ്‌വെ താരം ആൻഡി ഫ്ലവർ പാകിസ്താന്റെ നീക്കത്തെ “കണ്ണിംഗ്” എന്നാണ് വിശേഷിപ്പിച്ചത്. എങ്കിലും ടൂർണമെന്റ് നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ഈ നീക്കം നീതീകരിക്കത്തക്കതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങൾക്ക് ഏറ്റവും വലിയ മുൻതൂക്കം ലഭിക്കുന്ന രീതിയിൽ കളി നിയന്ത്രിക്കാനുള്ള അവകാശം പാകിസ്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Discussion about this post