ബംഗളൂരു: ഒരു മാസം മുമ്പ് വാങ്ങിയ സ്‌കൂട്ടർ ഇടക്കിടെ തകരാറിലാവുന്നതിനെ തുടർന്ന് പേരിൽ ഷോറൂമിന് തീയിട്ട് 26കാരൻ. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. ഷോറൂമിൽ നിന്നും ഒല ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയതിന് ശേഷം മതിയായ കസ്റ്റമർ സപ്പോർട്ട് ലഭിക്കാത്തതിൽ പ്രകോപിതനായി മുഹമ്മദ് നദീം എന്ന യുവാവാണ് അക്രമം നടത്തിയത്. തീപിടുത്തത്തിൽ ആറ് വാഹനങ്ങളും കംപ്യൂട്ടറുകളും കത്തി നശിച്ചു.
ഒരു മാസം മുമ്പാണ് 1.4 ലക്ഷം രൂപയ്ക്ക് മുഹമ്മദ് നദീം ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയത്. എന്നാൽ, സ്‌കൂട്ടർ വാങ്ങി രണ്ട് ദിവസമായപ്പോഴേക്കും വാഹനത്തിൽ നിന്നും ശബ്ദവും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടായിത്തുടങ്ങി. വാഹനത്തിന്റെ തകരാറുകൾ ചൂണ്ടിക്കാട്ടി പലതവണ ഷോറൂമിലെത്തിയെങ്കിലും അവർ യുവാവിന്റെ പരാതി വേണ്ടവിധം പരിഹരിച്ചില്ല. ഇതാണ് യുവാവ് പ്രകോപിതനായത്.
ചൊവ്വാഴ്ച്ച ഷോറൂമിലെത്തിയ ഇയാൾ കസ്റ്റമർ എക്‌സിക്യൂട്ടീവുകളുമായി വലിയ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ, ഇയാൾ കയ്യിൽ കരുതിയ പെട്രോൾ ഷോറൂമിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു. തീപിടുത്തത്തിൽ ഷോറും മുഴുവൻ കത്തി നശിച്ചു. ഏകദേശം 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേസിൽ, മുഹമ്മദ് നദീമിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
Discussion about this post