ചെന്നൈ: തമിഴ് നടൻ ജീവയും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. സേലത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. കള്ളക്കുറുച്ചിയിൽ വച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും നിസ്സാര പരിക്കുണ്ട്.
ഇരുവരും സഞ്ചരിച്ച വാഹനത്തിന് എതിരെ അപകടകരമായ രീതിയിൽ ബൈക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ താരം വാഹനം വെട്ടിച്ചു. നിയന്ത്രണം വിട്ട വാഹനം ബാരിക്കേഡിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വാഹനത്തിന്റെ മുൻവശം തകർന്നിട്ടുണ്ട്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്ത് പോലീസ് എത്തി. ഇതിന് ശേഷം വാഹനം അവിടെ നിന്നും മാറ്റുകയായിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ജീവയെ കണ്ടതോടെ നാട്ടുകാർ ചുറ്റും കൂടി. ആളുകൾ അദ്ദേഹത്തിന്റെ വീഡിയോ മൊബൈൽ ഫോണുകളിൽ പകർത്താൻ ശ്രമിച്ചു. ഇത് കണ്ടതോടെ അദ്ദേഹം ക്ഷുഭിതനാകുകയായിരുന്നു.
Discussion about this post