എറണാകുളം: ലൈംഗികാതിക്രമ കേസുകളിൽ സംവിധായകൻ രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നു. കേസിന്റെ അന്വേഷണ ചുമതലയുള്ള പ്രത്യേക അന്വേഷണ സംഘമാണ് രഞ്ജിത്തിൽ നിന്നും മൊഴിയെടുക്കുന്നത്. മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് അന്വേഷണ സംഘത്തിന് മുൻപാകെ ചോദ്യം ചെയ്യലിനായി ഹാജരായിരിക്കുന്നത്.
ലൈംഗികാതിക്രമം നടത്തിയതായി ചൂണ്ടിക്കാട്ടി രഞ്ജിത്തിനെതിരെ ബംഗാളി നടിയും കോഴിക്കോട് സ്വദേശിയുമായ യുവാവുമാണ് പരാതി നൽകിയിരിക്കുന്നത്. ഈ രണ്ട് പരാതികളിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇപ്പോൾ മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം രഞ്ജിത്തിന് ഇരു കേസുകളിലും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണ സംഘം എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന കർശന ഉപാധിയോടെ ആയിരുന്നു അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് മറ്റുള്ളവരിൽ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിൽ നിന്നും വിശദമായ മൊഴിയെടുക്കുന്നത്. രാവിലെയാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായത്. ഉച്ചയ്ക്ക് ശേഷവും ചോദ്യം ചെയ്യൽ തുടരും.
പാലേരിമാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ തന്റെ ശരീരത്തിൽ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് ബംഗാളി നടിയുടെ പരാതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നഗ്നചിത്രങ്ങൾ പകർത്തുകയും അത് മറ്റൊരാൾക്ക് അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് കോഴിക്കോട് സ്വദേശി രഞ്ജിത്തിനെതിരെ ഉയർത്തുന്ന പരാതി
Discussion about this post