ഓണം വന്നാലും, ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ തന്നെ വേണം. സദ്യയ്ക്ക് മാത്രമല്ല സ്‌കൂളിൽ പൊതി കെട്ടി ചോറ് കൊണ്ടുപോകുന്നതിനും വാഴയിലയെ ആണ് നമ്മൾ കൂടുതലും ആശ്രയിക്കുന്നത്. വാഴയിലയിൽ കുറച്ച് സമയം ചോറ് പൊതിഞ്ഞു വച്ച് കഴിക്കുന്നത് പ്രത്യേക രുചി തന്നെയാണ്. എന്നാൽ ആ രുചി വെറെ എങ്ങനെ കഴിച്ചാലും കിട്ടില്ല. അത് എന്തുകൊണ്ടാണ് എന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ…? എന്നാൽ അതിന് പിന്നിലുള്ളത് വാഴയിലയിൽ ഒരു പ്രത്യേകതരം മെഴുകാണ്. ഈ മെഴുക് പാളി വളരെ നേർത്തതാണ്. വാഴയിലയിൽ ചൂടുള്ള ഭക്ഷണം ഒഴിക്കുമ്പോൾ, ഈ മെഴുക് ഉരുകി ഭക്ഷണവുമായി കലരുന്നു. ഇത് ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നു.
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ദഹനശക്തി ശക്തിപ്പെടും. എന്തുകൊണ്ടെന്നാൽ, വാഴയിലയ്ക്ക് പ്രകൃതിദത്ത ഓക്സിഡന്റുകളായ പോളിഫെനോൾ എന്ന സസ്യാധിഷ്ഠിത സംയുക്തങ്ങളുടെ ഗുണങ്ങളുണ്ട്. ഇലകളിൽ ഭക്ഷണം കഴിക്കുന്നതിലൂടെ, ഈ ഗുണങ്ങൾ ഭക്ഷണത്തിലും വരുന്നു. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുക മാത്രമല്ല, ദഹനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു.
ഇത് എല്ലാം കൂടാതെ വാഴയിലയിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് ഇടുമ്പോൾ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയൽ സംയുക്തങ്ങളെ സജീവമാക്കുന്നു. അപ്പോൾ ഇത് ഭക്ഷണത്തിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു.
ഇതിനുപുറമേ പരിസ്ഥിതി സൗഹൃദം കൂടിയാണിവ. വാഴയില പരിസ്ഥിതിക്ക് സുരക്ഷിതമാണ്. പ്ലാസ്റ്റിക് പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, പരിസ്ഥിതിക്കും ദോഷം ചെയ്യും. കാരണം, പ്ലാസ്റ്റിക് നശിപ്പിക്കാൻ പ്രയാസമാണ്. എന്നാൽ വാഴയില എളുപ്പത്തിൽ മണ്ണിൽ ജീർണിച്ച് ചേരുന്നതാണ്.
വാഴയില സ്വാഭാവികമായും ശുദ്ധമാണ്. അവ ഉപയോഗിക്കുന്നതിന് കൂടുതൽ വൃത്തിയാക്കൽ ആവശ്യമില്ല. ചെറുചൂടുള്ള വെള്ളത്തിൽ കഴുകിയാൽ മതി. അതുകൊണ്ട് തന്നെ വാഴയില എല്ലാ വിധത്തിലും ആരോഗ്യത്തിന് ഗുണകരമാണ്.
Discussion about this post