ന്യൂഡൽഹി : റഷ്യൻ സൈന്യത്തിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. 45 ഇന്ത്യക്കാരെയാണ് യുദ്ധ മേഖലയിൽ നിന്ന് മോചിപ്പിച്ചത്. അമ്പത് ഇന്ത്യൻ പൗരന്മാർ ഇപ്പോഴും യുദ്ധഭൂമികളിലുണ്ടെന്നും അവരെ രക്ഷപ്പെടുത്താനും മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യക്കാരുടെ മോചനത്തിന് വഴിതുറന്നത്. സന്ദർശന വേളയിലാണ് ഇവരെ തിരിച്ചെത്തിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്.
യുക്രൈനുമായുള്ള ചില അതിർത്തി പ്രദേശങ്ങളിൽ റഷ്യൻ സൈന്യത്തിനൊപ്പം സുരക്ഷാ സഹായികളായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ യുദ്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപർ തസ്തികയിലേക്ക് ജോലിക്കു പോയവരെയാണ് യുക്രൈനിലെ ഡോണെറ്റ്‌സ്‌കിൽ യുദ്ധമുഖത്തു ഡ്യൂട്ടിക്കു നിയോഗിച്ചത്.
Discussion about this post