കൊച്ചി: അഭിനേതാക്കളിൽ ഒരു വിഭാഗം ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് നല്ല കാര്യമായാണ് ഫെഫ്ക കാണുന്നതെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. അങ്ങനെയൊന്ന് വേണോ വേണ്ടയോ എന്നത് അവരുടെ ചോയ്‌സ് ആണ്. തൊഴിൽ അവകാശങ്ങളെ മാത്രം പരിഗണിക്കുന്ന സംഘടനയുണ്ടാകുന്നത് കുറേകൂടി ചിട്ടയോടെ കാര്യങ്ങൾ നടക്കാൻ ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപതോളം പേർ രണ്ടു തവണയായാണ് എന്നെ സമീപിച്ചത്. എങ്ങനെയാണ് ഒരു തൊഴിലാളി യൂണിയൻ രൂപീകരിക്കേണ്ടത്, എത്ര അംഗങ്ങളുണ്ടാകണം, രജിസ്‌ട്രേഷൻ എങ്ങനെയാണ്, ബൈലോ തയാറാക്കാൻ എന്തു ചെയ്യണം, ആരെ ഏല്പിക്കണം ഇതൊക്കെയായിരുന്നു അവർക്ക് പ്രധാനമായും അറിയേണ്ടിരുന്നത്. അങ്ങനെയൊരു സംഘടനയുണ്ടായാൽ ഫെഫ്ക അഫിലിയിയേഷൻ നൽകില്ല. എന്നെ സമീപിച്ചവർ അതേക്കുറിച്ച് ആരാഞ്ഞപ്പോൾ തത്കാലം ഇല്ലെന്ന മറുപടിയാണ് കൊടുത്തതെന്ന് ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
അതിന് അഭിനേതാക്കൾക്ക് വർഗബോധത്തിൽ അധിഷ്ഠിതമായ വീക്ഷണമുണ്ടാകണം. മലയാള സിനിമയിലെ മുഖ്യതാരങ്ങൾ മാത്രമല്ല എല്ലാ അഭിനേതാക്കളും ഇപ്പോൾ വലിയ തുക കൈപ്പറ്റുന്നുണ്ട്. സിനിമയുടെ നിർമ്മാണ ചെലവിന്റെ സിംഹ ഭാഗവും അഭിനേതാക്കളാണ് കൊണ്ടുപോകുന്നത്. ബാക്കി മാത്രമേ സിനിമയുടെ നിർമാണത്തിലേക്ക് വിനിയോഗിക്കപ്പെടുന്നുള്ളു, അതു നിർഭാഗ്യകരമാണ്. ഇത് തിരിച്ചറിഞ്ഞു വേണം അഭിനേതാക്കൾ അവരുടെ വേതനം പറയാൻ എന്നാണ് അഭിപ്രായം. പത്തുകോടി രൂപ മുടക്കുന്ന സിനിമയിൽ ആറോ ഏഴോ കോടി പോകുന്നത് അഭിനേതാക്കൾക്കായാണ്. ബാക്കി വരുന്ന മൂന്നു കോടിയല്ലേ സിനിമയ്ക്കുള്ളൂ. ആ ക്വാളിറ്റിയല്ലേ അതിനകത്തുണ്ടാകൂ എന്ന് അദ്ദേഹം ചോദിച്ചു.
Discussion about this post