ലക്‌നൗ: ഉത്തർപ്രദേശിൽ ജ്യൂസിൽ മൂത്രം കലർത്തി വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. ഗാസിയാബാദിൽ ആണ് സംഭവം. 29 കാരനായ അമീർ ആണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ലോണി അതിർത്തി മേഖലയിൽ ആണ് അമീറിന്റെ ജ്യൂസ് കടയുള്ളത്. ഇവിടെ ജ്യൂസ് കുടിയ്ക്കാൻ എത്തിയവർ ആണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവിട്ടത്. കടയിൽ എത്തിയ സംഘം വിവിധ തരം ജ്യൂസുകൾ ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ ഇത് കുടിച്ചപ്പോൾ രുചി വ്യത്യാസമുള്ളതായി ഇവർക്ക് തോന്നി. ഇതോടെ അമീറിനെ ചോദ്യം ചെയ്യുകയായിരുന്നു. കടയ്ക്ക് മുൻപിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ പ്രദേശവാസികൾ തടിച്ച് കൂടി. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച അമീറിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
പോലീസ് എത്തി നടത്തിയ പരിശോധനയിൽ കടയ്ക്കുള്ളിൽ നിന്നും മൂത്രം ശേഖരിച്ചുവച്ചിട്ടുള്ള കുപ്പി കണ്ടെത്തി. ഇതോടെ അമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ സഹായിയായ 15 കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവർവിൽക്കുന്ന ജ്യൂസിന്റെ സാമ്പിളുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്ക്കായി നൽകും. ജ്യൂസ് കട ഇതിനോടകം തന്നെ അടച്ച് പൂട്ടിയിട്ടുണ്ട്.
Discussion about this post