ലക്‌നൗ: ബെഹറിച്ചിൽ ചെന്നായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങളെ കണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതുവരെ ബെഹറിച്ചിൽ ചെന്നായ ആക്രമണത്തിൽ 10 ജീവനുകളാണ് നഷ്ടമായത്.
മഹ്‌സി താലൂക്കിലെ വീടുകളിൽ ആയിരുന്നു അദ്ദേഹം എത്തിയത്. ഇതിന് മുന്നോടിയായി പ്രദേശത്ത് അദ്ദേഹം ആകാശ നിരീക്ഷണം നടത്തി. നിലവിൽ ഓപ്പറേഷൻ ബഹെഡിയ എന്ന പേരിൽ നരഭോജി ചെന്നായക്കളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതും അദ്ദേഹം വിലയിരുത്തി. ചെന്നായക്കളെ വെടിച്ച് കൊലപ്പെടുത്താനാണ് സർക്കാർ അധികൃതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കൊല്ലപ്പെട്ട 10 പേരിൽ ഒൻപത് പേർ കുട്ടികളാണ്. 1 സ്ത്രീയും മരണപ്പെട്ടിട്ടുണ്ട്. 50 പേരാണ് നരഭോജി ചെന്നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ദുരന്തബാധിതർക്ക് 5 ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തിര ധനസഹായം എന്ന നിലയിൽ ഉടൻ ഈ തുക കൈമാറും.
അതേസമയം നരഭോജി ചെന്നായ്ക്കളെ പിടികൂടാനുള്ള പരിശ്രമങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടരുകയാണ്. ഇതിനോടകം തന്നെ അഞ്ച് ചെന്നായ്ക്കളെ പിടികൂടിയിട്ടുണ്ട്.
Discussion about this post