എറണാകുളം: മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ച് സംവിധായകൻ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന പേരിലാണ് ഇരുവരുടെയും നേതൃത്വത്തിൽ പുതിയ സിനിമാ സംഘടന നിലവിൽ വന്നിരിക്കുന്നത്. സംഘടനയിലേക്ക് സ്വാഗതം ചെയ്ത് സിനിമാ പ്രവർത്തകർക്ക് ഇവർ കത്ത് നൽകി.
സിനിമാ മേഖലയിൽ പുതിയ സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണ് പുതിയ സംഘടനയുടെ ലക്ഷ്യമെന്നാണ് ആഷിഖും റിമയും പറയുന്നത്. ആഷിക് അബുവിനും റിമയ്ക്കും പുറമേ ലിജോ ജോസ് പല്ലിശ്ശേരി, അഞ്ജലി മേനോൻ, രാജീവ് രവി എന്നിവരാണ് മറ്റ് അംഗങ്ങൾ. തൊഴിലാളികളുടെ ശാക്തീകരണവും, അവകാശ സംരക്ഷണവും സംഘടന ഉറപ്പുവരുത്തും. സാമൂഹിക നീതി മൂല്യങ്ങളുടെ വേര് ഊന്നി പ്രവർത്തിക്കുമെന്നും കത്തിലുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും ആഷിക് അബു രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. അതേസമയം പുതിയ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖിനും റിമയ്ക്കുമെതിരെ പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കള്ളും കഞ്ചാവും സിനിമാ മേഖലയിൽ വ്യാപകമാക്കുകയാണോ പുതിയ സംസ്‌കാരം എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Discussion about this post