ന്യൂഡൽഹി : ആത്മനിർഭരതയിൽ പുതിയ ചുവടുവെപ്പ് നടത്തുകയാണ് ഭാരതം. 2029ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി എന്ന വലിയ ലക്ഷ്യത്തിലേക്കാണ് രാജ്യം എത്തുന്നത്. 2016-17 സാമ്പത്തിക വർഷം 1,522 കോടി രൂപയിൽ നിന്ന് ആരംഭിച്ച ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ വർഷങ്ങളിൽ 200 ശതമാനത്തിലേറെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര പ്രതിരോധ മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ശ്രീ രാജ്‌നാഥ് സിംഗ് മുന്നിൽ കണ്ടിരുന്ന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു 2028-2029 ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുക എന്നുള്ളത്. അധികം വൈകാതെ തന്നെ ആ ലക്ഷ്യത്തിലേക്ക് ഇന്ത്യയ്ക്ക് എത്തിച്ചേരാൻ കഴിയും എന്നാണ് നിലവിലെ കയറ്റുമതി കണക്കുകൾ സൂചിപ്പിക്കുന്നത്. പല വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങൾക്ക് വലിയ ഡിമാൻഡ് ആണ് കഴിഞ്ഞ വർഷങ്ങളിലായി ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ഉത്പന്നങ്ങളെ ഒരു ബ്രാൻഡ് ആക്കി മാറ്റാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു എന്നുള്ളതും ഈ വളർച്ചയിൽ നിർണായക ഘടകമായിട്ടുണ്ട്.
സ്വകാര്യമേഖലയുടെ വർധിച്ച പങ്കാളിത്തം, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രകടനം, പുതുക്കിയ എഫ്ഡിഐ മാനദണ്ഡങ്ങൾ എന്നിവ പ്രതിരോധ കയറ്റുമതിയിൽ ഗുണകരമായിട്ടുള്ള വസ്തുതകളാണ്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ഐഎൻഎസ് വിക്രാന്ത് തുടങ്ങിയ സുപ്രധാന പദ്ധതികൾ അന്തിമ ഓപ്പറേഷൻ ക്ലിയറൻസിൽ (എഫ്ഒസി) എത്തിയതിൻ്റെയും കമ്മീഷൻ ചെയ്യുന്ന ഘട്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് ഭാരതത്തിന്റെ ആത്മനിർഭരത പദ്ധതിക്ക് സ്വീകാര്യത വർദ്ധിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.
Discussion about this post