തിരുവനന്തപുരം:പൊഴിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ പതിനാലുകാരന് ദാരുണാന്ത്യം.അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് മരിച്ചത്. തിരുവല്ലം ഇടയാറിൽ തൈക്കുട്ടത്ത് ശ്രീക്കുട്ടിയാണ്(17) പൊഴിയിൽ മുങ്ങിത്താഴ്ന്നത്. ശ്രീക്കുട്ടിയെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി.
വൈകീട്ട് 4.45-ഓടെ ആയിരുന്നു അപകടം. അമ്പലത്തറയിലെ വീട്ടിൽനിന്നും തിരുവല്ലം ഇടയാർ തയ്ക്കൂട്ടം വീട്ടിൽ താമസിക്കുന്ന അമ്മയെയും ബന്ധുക്കളെയും കാണാനെത്തിയതായിരുന്നു 14കാരൻ. ബന്ധുക്കൾക്ക് ഒപ്പമാണ് പൊഴിയിൽ എത്തിയത്.
ശ്രീക്കുട്ടി പൊഴിയിലേക്ക് ഇറങ്ങിയപ്പോൾ താഴ്ന്നുപോകുകയായിരുന്നു.സംഭവം കണ്ട ശ്രീഹരി പൊഴിയിലേക്ക് ചാടിയെങ്കിലും വെള്ളത്തിൽ താഴ്ന്നുപോയി. ബന്ധുക്കൾ ബഹളം വച്ചതോടെ നാട്ടുകാരെത്തീ ശ്രീക്കുട്ടിയെ കരയിലേക്ക് വലിച്ച് കയറ്റി. തുടർന്ന് നടത്തിയ തിരച്ചിൽ ശ്രീഹരിയെ കണ്ടെത്തിയെങ്കിലും അവശനിലയിലായിരുന്നു.സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post