ആലപ്പുഴ: സൈക്കിൾ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി ഡ്രൈവറെ പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ. ആലപ്പുഴ പട്ടണക്കാട്ട് ആണ് സംഭവം. പട്ടണക്കാട് അഞ്ചാം വാർഡിലെ ഹരിനിവാസിൽ രമേശനെയാണ് ലോറി ഇടിച്ചിട്ട് നിർത്താതെ പോയത്. സംഭവം ശ്രദ്ധയിൽ പെട്ട ലോറിയെ നവ്യ നായർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് അപകടവിവരം പോലീസിലും അറിയിച്ച്, പരിക്കേറ്റ രമേശന് കൃത്യമായ ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്.
സമയോചിതമായ ഇടപെടൽ കൊണ്ട് ജീവിതത്തിലും ‘ഒരു’ത്തീ’യായി മാറിയ നവ്യ നായർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ്. പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപം കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെയാണ് അപകടം നടന്നത്. ദേശീയപാത
നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്‌ടേഷൻ ട്രെയിലറാണ് സൈക്കിളിൽ ഇടിച്ചത്.
നവ്യ ട്രെയിലർ പിന്തുടർന്ന് നിർത്തിക്കുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഹൈവേ പോലീസും പട്ടണാക്കാട് എഎസ്‌ഐ ട്രീസയും സ്ഥലത്തെത്തി. എസ്എച്ച്ഒ കെഎസ് ജയൻ ലോറി പിടിച്ചെടുക്കുകയും ഡ്രൈവറെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രമേശനെ ആദ്യം ഹൈവേ പോലീസിന്റെ വാഹനത്തിൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുയും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Discussion about this post