ഒരാൾ ധരിയ്ക്കുന്ന വസ്ത്രവും, അവർക്കിഷ്ടമുള്ള നിറവുമെല്ലാം അവരുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിവാക്കുമെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ സമാനമായ രീതിയിൽ നാം ഭക്ഷണം കഴിക്കുന്ന രീതിയും നമ്മുടെ വ്യക്തിത്വം മറ്റുള്ളവർക്ക് മുൻപിൽ തുറന്ന് കാണിക്കാറുണ്ട്. നാം ഓരോരുത്തരും ഭക്ഷണം കഴിക്കുന്നത് പല തരത്തിലാണ് എന്നത് നമുക്കെല്ലാവർക്കും അറിയാം. നമ്മുടെ സ്വഭാവം വ്യത്യാസപ്പെട്ടിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
നമുക്കിടയിൽ ആഹാരം വേഗത്തിൽ കഴിച്ച് തീർക്കുന്നവരും എല്ലാവരും കഴിച്ചു കഴിഞ്ഞാലും ഭക്ഷണം അതേപടി പാത്രത്തിൽ ഇരിക്കുന്ന സ്ലോ ഈറ്റർമാരും ഉണ്ട്. വളരെ വേഗത്തിൽ ഭക്ഷണം കഴിച്ച് തീർക്കുന്നവർ ജീവിതത്തിൽ വളരെ പെട്ടെന്ന് തീരുമാനം എടുക്കുന്നവരാണ്. ഒരേ സമയം പലകാര്യങ്ങൾ ചെയ്യാൻ ഇവർക്ക് കഴിയു. മത്സരബുദ്ധിയോടെ കാര്യങ്ങൾ ചെയ്യുന്ന ഇവർ ജീവിതത്തിലെ പല പ്രധാനപ്പെട്ട നിമിഷങ്ങളും പാഴാക്കാറുണ്ട്.
വലിയ ക്ഷമാ ശീലം ഉള്ളവരാണ് ഭക്ഷണം പതുക്കെ കഴിക്കുക. അത് മാത്രമല്ല, ഭക്ഷണം കഴിക്കുന്ന നേരത്തിന് വലിയ പ്രധാന്യം നൽകുന്നവരും ആണ്. ജീവിതത്തിലുടനീളം ഒരേ ചിട്ട പിന്തുടരുന്നവരാണ് ഇക്കൂട്ടർ. ഒരേ ശീലം പിന്തുടരുന്ന ഇവർ ചിലപ്പോഴെങ്കിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാറുണ്ട്.
കറികൾ കഴിക്കുമ്പോൾ കടുകും, കറിവേപ്പിലയും ഇഷ്ടമില്ലാത്ത പച്ചക്കറികളുമെല്ലാം പ്ലേറ്റിന്റെ ഒരു ഭാഗത്തായി മാറ്റിവച്ച് ഭക്ഷണം കഴിക്കുന്നവരെ നാം കണ്ടിരിക്കും. വളരെ ചൂസിയായ ആളുകൾ ആണ് ഇക്കൂട്ടർ. സ്വന്തം കംഫർട്ട് സോൺ വിട്ട് വരാൻ ഇവർ ആഗ്രഹിക്കാറില്ല. ജീവിതത്തിൽ റിസ്‌ക്ക് എടുക്കാൻ ആഗ്രഹിക്കാത്ത ഇവർ പുതിയ വിഷയങ്ങൾ പഠിക്കാനും മറ്റുള്ളവരെ ചോദ്യം ചെയ്യാൻ വലിയ താത്പര്യം കാണിക്കുന്നവരാണ്.
ചോറിനൊപ്പം എല്ലാ കറികളും കൂട്ടി കുഴച്ച് ഭക്ഷണം കഴിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. മറ്റുള്ളവരോട് വളരെ നന്നായി ഇടപഴകാൻ സാധിക്കുന്നവരാണ് ഇക്കൂട്ടർ. ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് സൂക്ഷിക്കാൻ ഇവർക്ക് വളരെ ഇഷ്ടമാണ്. സ്വയം സ്‌നേഹിക്കുന്ന ഇവർ കുടുംബവുമൊത്ത് കൂടുതൽ സമയം ചെലവഴിക്കുന്നവരാണ്.
അലുവയും മത്തിക്കറിയും എന്നത് യാതൊരു കോമ്പിനേഷനും ഇല്ലാത്ത ഭക്ഷണം ആണെന്ന് നമുക്ക് അറിയാം. ഇത്തരത്തിൽ യാതൊരു കോമ്പിനേഷൻ ഇല്ലാത്ത ഭക്ഷണവും ആസ്വദിച്ചു കഴിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. എല്ലായ്‌പ്പോഴും സ്വന്തം കംഫർട്ട് സോൺ തകർത്ത് മുന്നേറാൻ കഴിയുന്നവരാണ് ഇവർ. ഏത് റിസ്‌കും ഇവർ എടുക്കും.
ഭക്ഷണം എല്ലായ്‌പ്പോഴും നന്നായി ചവച്ച് അരച്ച് കഴിക്കണം എന്നാണ് പറയാറ്. എന്നാൽ ചിലർ ഭക്ഷണം കഴിക്കുന്നത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ എല്ലാവരും അറിയും. കാരണം ഇവർ ഭക്ഷണം ചവയ്ക്കുന്ന ശബ്ദം അത്ര ഉച്ചത്തിൽ ആയിരിക്കും. മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് കരുതുമെന്ന ചിന്ത ലവലേശം ഇല്ലാത്തവർ ആണ് ഇക്കൂട്ടർ. എല്ലാവരുമായി വളരെ പെട്ടെന്ന് ഇടപഴകാൻ ഇവർക്ക് സാധിക്കും. എല്ലാം തുറന്ന് പറയുന്നതുകൊണ്ട് തന്നെ ഇവർ ധാരാളം പ്രശ്‌നങ്ങളിലും ചെന്ന് ചാടാറുണ്ട്.
Discussion about this post