കോട്ടയം: കുമാരനല്ലൂർ ഉതൃട്ടാതി ഊരുചുറ്റ് ജലോത്സവത്തിനായുള്ള ഗ്രാന്റ് മുടങ്ങിയിട്ട് വർഷങ്ങൾ. നിരവധി തവണ ഇത് ചൂണ്ടിക്കാട്ടി ഭാരവാഹികൾ സർക്കാരിന് നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ വർഷാവർഷം ചടങ്ങ് നടത്താൻ വലിയ പ്രതിസന്ധി നേരിടുകയാണ് സംഘാടകർ. അതേസമയം ഈ വർഷത്തെ ഊരുചുറ്റ് ജലോത്സവം വ്യാഴാഴ്ച ( നാളെ ) നടക്കും.
കുമാരനല്ലൂർ, കുമാരനല്ലൂർ നടുഭാഗം, കുമാരനല്ലൂർ കിഴക്കും ഭാഗം, നട്ടാശേരി കിഴക്കുംഭാഗം, ഗാന്ധിനഗർ എൻഎസ്എസ് കരയോഗങ്ങൾ ചേർന്ന് ഭക്തരുടെ സഹകരണത്തോടെയാണ് ജലോത്സവം നടത്താറുള്ളത്. 2019 ലാണ് ഇതിന് മുൻപ് അവസാനമായി ഗ്രാന്റ് ലഭിച്ചത്. ഇതിന് ശേഷം അഞ്ച് വർഷമായി സർക്കാരിൽ നിന്നും ഒരു രൂപ പോലും സഹയാമായി ലഭിച്ചിട്ടില്ലെന്നാണ് വിവരം.
2012 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്താണ് ജലോത്സവ നടത്തിപ്പിനായി ഗ്രാന്റ് അനുവദിച്ചത്. പ്രതിവർഷം 2 ലക്ഷം രൂപയായിരുന്നു ലഭിച്ചിരുന്നത്. ഈ തുക ജലോത്സവ നടത്തിപ്പിന് വലിയ സഹായം ആയിരുന്നു. 2019 വരെ ഇത് തുടർന്നു. എന്നാൽ പിന്നീട് ഇത് നിർത്തുകയായിരുന്നു. നിരവധി നിവേദനങ്ങൾ സർക്കാരിന് സമർപ്പിച്ചെങ്കിലും ഗ്രാന്റ് പുന:സ്ഥാപിച്ചില്ല. എന്തുകൊണ്ടാണ് ഗ്രാന്റ് സർക്കാർ നിർത്തലാക്കിയത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല.
ജലോത്സവ നടത്തിപ്പ് പ്രതിസന്ധിയിൽ ആയതോടെ കോട്ടയം നഗരസഭയുടെ സഹായം തേടി. ഇതേ തുടർന്ന് പരിപാടിയുടെ നടത്തിപ്പിനായി 50,000 രൂപ വീതം കഴിഞ്ഞ വർഷവും, ഈ വർഷവും അനുവദിച്ചു. എന്നാൽ ഈ തുകയും ലഭിച്ചിട്ടില്ല.
കന്നിമാസത്തെ ഉതൃട്ടാതി നാളിലാണ് ഉതൃട്ടാതി ഊരുചുറ്റൽ ജലോത്സവം നടക്കാറുള്ളത്. കുമാരനല്ലൂർ ഭഗവതി പള്ളിയോടത്തിൽ ഭക്തരെ അനുഗ്രഹിക്കുന്നതിനായി ഊരുചുറ്റുന്നു എന്നാണ് വിശ്വാസം. മീനച്ചിലാറ്റിലൂടെയും കൈവഴികളിലൂടെയും പള്ളിയോടത്തിലേറിയാണ് കുമാരനല്ലൂർ അമ്മയുടെ ഊരുചുറ്റൽ.
Discussion about this post