എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പൾസർ സുനിയുടെ ജയിൽ മോചനം നീളും. മറ്റ് രണ്ട് കേസുകളിൽകൂടി ജാമ്യ നടപടികൾ പൂർത്തീകരിക്കാനുണ്ട്. ഇതാണ് ജയിൽമോചനം നീളുവാന്‍ കാരണം.
കോട്ടയത്ത് കവർച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലിൽനിന്ന് ഫോൺവിളിച്ച കേസിലും പൾസർ സുനിക്ക് ജാമ്യം ലഭിക്കാനുണ്ട്.
കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് സുപ്രീംകോടതി നിർദേശിച്ചത്. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
Discussion about this post