ബെയ്‌റൂട്ട്: വോക്കി ടോക്കി പൊട്ടിത്തെറിച്ച് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ട സംഭവത്തിൽ കൈ മലർത്തി ജപ്പാൻ കമ്പനിയായ ഐകോം ഇൻക്. പത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ ഇത്തരം വോക്കി ടോക്കികളുടെ നിർമ്മാണവും വിൽപ്പനയുമെല്ലാം നിർത്തിവച്ചിരുന്നതായി കമ്പനി അറിയിച്ചു. ഐകോം ഇൻക് വിതരണം ചെയ്ത വോക്കി ടോക്കികളാണ് പൊട്ടിത്തെറിച്ചത് എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോക്കി ടോക്കി തങ്ങളുടേത് അല്ലെന്ന് വ്യക്തമാക്കി കമ്പനി രംഗത്ത് എത്തിയത്.
ഐകോം എന്ന ലോഗയുള്ള വോക്കി ടോക്കികളാണ് പൊട്ടിത്തെറിച്ചത്. ഇതിന്റെ ചിത്രങ്ങൾ പത്രമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് കണ്ടു. ഇതേക്കുറിച്ച് കമ്പനി വിശദമായി അന്വേഷിക്കും. കാരണം കമ്പനിയുടെ ലോഗോ പ്രത്യക്ഷപ്പെട്ടത് തങ്ങളെയും ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. 10 വർഷങ്ങൾക്ക് മുൻപ് അതായത് 2014 ൽ തന്നെ വോക്കി ടോക്കികളുടെ നിർമ്മാണവും വിതരണവും കമ്പനി നിർത്തിവച്ചിരുന്നു. പിന്നെ വോക്കി ടോക്കികൾ ഇവർക്ക് എങ്ങിനെ ലഭിച്ചു എന്നത് ആശങ്കയിൽ ആഴ്ത്തുന്നുണ്ടെന്നും കമ്പനി പ്രതികരിച്ചു.
ഇന്നലെയാണ് വോക്കി ടോക്കികൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടത്. 30 ഓളം പേരായിരുന്നു കൊല്ലപ്പെട്ടത്. 500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പേജറുകൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ഭീകരരുടെ കൈവശം ഉണ്ടായിരുന്ന വോക്കി ടോക്കികൾ ആയിരുന്നു പൊട്ടിത്തെറിച്ചത്.
Discussion about this post