ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മൊബൈൽ ഫോണുകൾ. ഫോണുകൾ സ്മാർട്ട് ആയതോടെ നമ്മുടെ ജീവിതവും സ്മാർട്ട് ആയി. വിനോദത്തിനും വിജ്ഞാനത്തിനും ഉപരി ഇന്ന് പണം അയക്കാൻ വരെ മൊബൈൽ ഫോൺ ഉപയോഗിച്ചുവരുന്നു. നമ്മുടെ വേണ്ടപ്പെട്ട പല വ്യക്തിഗതവിവരങ്ങളും മൊബൈൽ ഫോണിൽ ഉള്ളതിനാൽ തന്നെ ഇത് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അപ്പോൾ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാലോ എന്ത് ചെയ്യും. പണി കിട്ടി എന്ന് വേണം കരുതാൻ. നമ്മുടെ ബാങ്ക് അക്കൗണ്ടുകളുമായും സോഷ്യൽമീഡിയ അക്കൗണ്ടുകളും മൊബൈൽ ഫോണിൽ ഉള്ളതിനാൽ ഹാക്ക് ചെയ്യപ്പെട്ടോ ഇല്ലെയോ എന്ന് നാം ഇടക്കിടെ ഉറപ്പിക്കേണ്ടതാണ്.
ഹാക്ക് ചെയ്യപ്പെട്ടാൽ മൊബൈൽ തന്നെ ചിലസൂചനകൾ നമുക്ക് തരും. ഇതിൽ ആദ്യത്തെ ലക്ഷണമാണ് ഫോണിലെ ബാറ്ററി ചാർജ് വേഗം തീരുന്നത്.
പതിവില്ലാതെ നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നതായി ശ്രദ്ധയിൽ പെട്ടാൽ നമ്മുടെ ഫോണിന്റെ നിയന്ത്രണം മറ്റൊരാൾ ഏറ്റെടുത്തിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിലപ്പോൾ എന്തെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്തിന് ശേഷമാണ് ഈ പ്രശ്‌നം അനുഭവപ്പെടുന്നത് എങ്കിൽ പ്രത്യേകം ശ്രദ്ധ വേണം. ബാഗ്രൗണ്ടിൽ നിരവധി ആപ്പുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാതെ ഇരിക്കുക. ഉപകരണം ഹാക്ക് ചെയ്യപ്പെട്ടതിന്റെ മറ്റൊരു സൂചനയാണ് ഫോൺ കാരണമില്ലാതെ ചൂടാകുന്നത്.
നിങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ അസാധാരണമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാലും നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഹാക്കർമരുടെ കൈയ്യിലാണെന്ന് സംശയിക്കാവുന്നതാണ്. ഇതിനുള്ള മറ്റൊരു സൂചനയാണ് നിങ്ങളുടെ ഫോൺ സ്ലോ ആകുന്നത്. ബാഗ്രൗണ്ടിൽ കുറേയധികം ആപ്പുകൾ പ്രവർത്തിപ്പിക്കാതെ തന്നെ ഫോൺ സ്ലോ ആയാൽ മറ്റാരോ ഫോൺ അകലയിരുന്ന് പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അർത്ഥം.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇടയ്ക്കിടയ്ക്ക് പോപ്പ് അപ്പ് നോട്ടിഫിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ വരുന്നുണ്ടോ എന്നത്. സാധാരണയായി നമ്മൾ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റുകളിൽ നിന്ന് മാത്രമെ ഇത്തരത്തിലുള്ള അറിയിപ്പുകൾ നമ്മുക്ക് ലഭിക്കു. എന്നാൽ ഒന്നും ചെയ്യാതെ തന്നെ ഇത്തരത്തിൽ അറിയിപ്പുകൾ ലഭിക്കുന്നത് അപകടമാണ്
മറ്റൊരു പ്രധാന കാര്യമാണ് നിങ്ങളുടെ ഫോണിലെ ചിത്രങ്ങൾ പരിശോധിക്കുക എന്നത്. കാരണം നിങ്ങൾ എടുത്ത ഫോട്ടോകൾ അല്ലാതെ വേറേ ഫോട്ടോകൾ ഗാലറിയിൽ കാണാൻ സാധിച്ചാൽ നിങ്ങളുടെ അനുവാദം ഇല്ലാതെ മറ്റൊരാൾ നിങ്ങളുടെ ക്യാമറ നിയന്ത്രിക്കുന്നുണ്ടെന്നാണ് അർത്ഥം.നിങ്ങളുടെ ഡാറ്റാ ഉപയോഗം അസ്വാഭാവികമായി ഉയർന്നാൽ അത് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിൻറെ ഒരു ലക്ഷണമാകാം. ഒരുപക്ഷെ നിങ്ങളുടെ ഫോണിൽ പ്രവർത്തിക്കുന്ന മാൽവെയർ മൂലമാകാം ഡാറ്റ ഉപഭോഗം വർധിക്കുന്നത്.
നിങ്ങൾ ക്രമീകരിച്ചിരുന്ന പാസ്വേർഡ് പ്രവർത്തിക്കാതായാൽ അത് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിൻറെ ലക്ഷണമാണ്. നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാത്തതായ ഏതെങ്കിലും ആപ്പുകൾ ഫോണിൽ കണ്ടാൽ അത് സംശയാസ്പദമാണ്. ഈ ആപ്പുകൾ ഹാക്കർമാർ ഇൻസ്റ്റാൾ ചെയ്തതാകാം.നിങ്ങൾ വിളിക്കാത്ത കോളുകൾ നിങ്ങളുടെ കോൾ ഹിസ്റ്ററിയിലുണ്ടെങ്കിൽ അത് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിൻറെ ലക്ഷണമാകാൻ സാധ്യതയുണ്ട്. നിങ്ങളറിയാതെ ഫോണിൽ നിന്ന് മെസേജുകൾ പോയതായി കാണിക്കുന്നതും സംശയാസ്പദമായ സാഹചര്യമാണ്.
*#21#
നിങ്ങളുടെ ഫോൺ കോൾ അല്ലെങ്കിൽ ഫോൺ നമ്പർ മറ്റേതെങ്കിലും നമ്പറിലേക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ ഉപയോഗിക്കേണ്ട കോഡാണിത്. അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന സൈബർ തട്ടിപ്പിൽ പ്രധാനമാണ് കോൾ ഫോർവേഡ് തട്ടിപ്പുകൾ. അതിനാൽ ഒരു ഫോൺ ഉപയോക്താവ് ഇങ്ങനെയൊരു സംശയം നേരിട്ടാൽ ഈ നമ്പറിലേക്ക് ഡയൽ ചെയ്ത് കോൾ ഫോർവേഡ് ആയോ എന്ന് മനസിലാക്കാം.
ഹാക്ക് ചെയ്യപ്പെട്ടാൽ
മറ്റൊരു ഡിവൈസിൽ നിന്ന് പാസ്വേഡുകൾ മാറ്റുക. ഇമെയിൽ, സോഷ്യൽ മീഡിയ, സാമ്പത്തിക അക്കൗണ്ടുകൾ എന്നിവയുടെ പാസ്വേഡുകൾ മാറ്റേണ്ടതുണ്ട്. ഹാക്കിംഗ് സംശയിച്ചാൽ അവസാന ആശ്രയമെന്ന നിലയിൽ ഫാക്ടറി റീസെറ്റിംഗ് നടത്തുക. ഫോണിലെ മുഴുവൻ വിവരങ്ങളും (മെമ്മറി കാർഡ് ഉൾപ്പെടെ) റീസെറ്റ് ചെയ്യുക. ചിലർ മെമ്മറി കാർഡ് വിവരങ്ങൾ മായ്ക്കാതിരിക്കും. ഇതു മണ്ടത്തരമാണ്. കാരണം ഹാക്കിംഗ് ഇവയേയും ബാധിച്ചേക്കാം. മികച്ച ഒരു ആന്റിവൈറസ് ഉപയോഗിച്ച് ഡിവൈസ് പൂർണമായും സ്‌കാൻ ചെയ്യുക. ഇതിനു മണിക്കൂറുകൾ എടുത്തേക്കാം. പക്ഷെ സ്‌കാനിംഗ് പൂർത്തിയാക്കണം. ഇതു നിങ്ങളുടെ ഫോണിൽ തന്നെയോ, കമ്പ്യൂട്ടറിൽ സ്‌കാൻ ചെയ്തോ ചെയ്യാം. ഒന്നിലധികം ആന്റിവൈറസുകൾ ഉപയോഗിച്ച് സ്‌കാൻ ചെയ്യുന്നതും നല്ലതാണ്. എത്രയും പെട്ടെന്ന് വിദഗ്ധന്റെ സമീപം തേടുന്നതാവും ഉചിതം.
Discussion about this post