കുട്ടികളെ രസിപ്പിക്കാനായി ഒരുപാട് കളിപ്പാട്ടങ്ങളും പാവകളും ഇന്ന് ലോകത്ത് നിർമ്മിതമാണ്. മരപ്പാവകൾ മുതൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നവ വരെ ഇന്ന് വിപണികളിൽ സുലഭം. അതിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പാവകളാണ് ടെഡി ബിയറുകൾ. വാലന്റൈൻസ് വീക്കിൽ കാമുകി കാമുകന്മാർ ടെഡി ബിയറുകൾ പരസ്പരം സമ്മാനിക്കുന്ന പ്രത്യേകദിവസം വരെയുണ്ട്.
എങ്ങനെയായിരിക്കാം ടെഡിബിയറുകൾ ഇത്ര ജനപ്രിയമായത്. ആരായിരിക്കും അതിന്റെ സൃഷ്ടാവ്? വളരെ രസകരമായ കഥയാണ് ഇതിന് പിന്നിൽ. ടെഡി ബിയറിന്റെ ചരിത്രത്തിന് അമേരിക്കൻ പ്രസിഡന്റുമായി ബന്ധമുണ്ട്. ഈ കരടിപ്പാവയും അമേരിക്കൻ പ്രസിഡന്റും തമ്മിലെന്താണ് ബന്ധം എന്നല്ലേ?
അമേരിക്കയുടെ 26ാമത്തെ പ്രസിഡന്റായിരുന്നു തിയോഡര് റൂസ്വെൽറ്റ്. നായാട്ടിൽ അതീവ തൽപ്പരനായിരുന്ന അദ്ദേഹം 1902 ൽ തന്റെ സഹപ്രവർത്തകർക്കൊപ്പം ഒരു ഹണ്ടിംഗ് ട്രിപ്പിന് പോയി. അന്ന് മുഴുവൻ കാട്ടിൽ അലഞ്ഞിട്ടും ഒറ്റജീവിയെ പോലും പ്രസിഡന്റിന് വേട്ടയാടാൻ കിട്ടിയില്ല. പ്രസിഡന്റിന്റെ നിരാശമനസിലാക്കിയ കൂടെയുള്ളവർ ഒരു കരടിക്കുട്ടിയെ ജീവനോടെ പിടിച്ചുകൊണ്ടുവന്ന് മരത്തിൽ കെട്ടിയിട്ടു. പക്ഷെ കരടിയുടെ നിസഹായത കണ്ട റൂസ്വെൽറ്റ് അതിനെ വെറുതെ വിട്ടു. സംഭവം വലിയ വാർത്തയായി. ഈ സംഭവവും അന്നത്തെ അമേരിക്കൻ രാഷ്ട്രീയ സാഹചര്യവും കോർത്തിണക്കി ക്ലിഫോർഡ് ബെറിമാൻ എന്ന കാർട്ടൂണിസ്റ്റ് 1902ൽ വാഷിങ്ടൺ പോസ്റ്റ് പത്രത്തിൽ ‘ഡ്രോയിങ് ദ ലൈൻ ഇൻ മിസിസിപ്പി’ എന്ന കുറിപ്പോടെ പ്രസിദ്ധീകരിച്ചു. ആദ്യ കാർട്ടൂണുകളിൽ കരടി രൗദ്രഭാവമുള്ളതായിരുന്നുവെങ്കിൽ പിന്നീട് കാർട്ടൂണുകളിലെ കരടി നല്ല ഓമനത്തമുള്ളതായി മാറി.
ഇത് ബ്രൂക്ക്‌ലിനിലെ ഒരു കാൻഡി ഷോപ്പ് ഉടമയിൽ ചില ആശയങ്ങൾ ഉണ്ടാക്കി. മോറിസ് മിച്ചർമിൻ എന്ന അദ്ദേഹവും ഭാര്യയും ചേർന്ന് പുതിയ ഒരുപാവയെ നിർമ്മിക്കാൻ തീരുമാനിച്ചു. പ്രസിഡന്റിന്റെ അനുവാദം കൂടി ലഭിച്ചതോടെ അദ്ദേഹം ആദ്യത്തെ ഒരു കരടിപ്പാവയെ ഉണ്ടാക്കി കടയ്ക്ക് മുന്നിൽ വെച്ചു. ടെഡി’സ് ബിയർ എന്ന് പേരുമിട്ടു. കരടിപ്പാവ ഹിറ്റായതോടെ കൂടുതൽ ടെഡി’സ് ബിയറുകൾ മാർക്കെറ്റിലെത്തി. പേരും പതിയെ മാറി. ടെഡി ബിയർ ആയി.
പാവകൾ പ്രചാരം നേടിയതോടെ അദ്ദേഹം മോറിസ് ഐഡിയൽ ടോയ് കമ്പനി എന്ന പാവ നിർമാണ സ്ഥാപനം ആരംഭിക്കുകയും വൻതോതിൽ ടെഡി ബെയർ പാവകളുടെ നിർമാണം തുടങ്ങുകയും ചെയ്തു. എന്തിനേറെ പറയുന്നു റൂസ്‌വെൽറ്റ് രണ്ടാമതും മത്സരിക്കാനിറങ്ങിയപ്പോൾ ടെഡി ബിയറുകളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചു എന്നും പറയപ്പെടുന്നു. പിന്നീടാണ് സെപ്റ്റംബർ 9 ലോക ടെഡി ബിയർ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
Discussion about this post