കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ പരാതിക്കാരിയായ ബംഗാളി നടി രഹസ്യമൊഴി നല്‍കി. എറണാകുളം സിജെഎം കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഓൺലൈനായാണ് കോടതി രഹസ്യമൊഴിയെടുത്തത്.
കൊൽക്കത്ത ആലിപ്പൂർ കോടതിയിലായിരുന്നു നടപടികൾ നടന്നത്. രണ്ട് മണിക്കൂർ നീണ്ട മൊഴിയെടുക്കൽ ഉച്ചയ്ക്ക് രണ്ടര മണിക്ക് ആണ് തുടങ്ങിയത്. കൊച്ചിയിൽ വന്ന് മൊഴി നൽകാൻ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം രേഖകൾ കൊൽക്കത്തയിലെ കോടതിയിലേക്ക് അയച്ച് നടപടികൾ പൂർത്തിയാക്കിയത്.
രണ്ടാഴ്ചയ്ക്കം രഞ്ജിത്തിനെതിരായ കേസിൽ കുറ്റപത്രം നൽകാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post