തിരുവനന്തപുരം; 25കോടിയുടെ ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.രണ്ടാം സമ്മാനം ഒരു കോടി രൂപ 20 പേർക്ക് ലഭ്യമാകും. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.ഓരോ പരമ്പരയിലും 10 പേർക്കു വീതം 5 ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങളായി ലഭിക്കുക. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകുമെന്ന് പ്രത്യേകതയുമുണ്ട്. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
ഭാഗ്യം പരീക്ഷിക്കാനായി ഷെയറിട്ട് ടിക്കറ്റ് വാങ്ങുന്ന അനേകം പേരുണ്ട്. അങ്ങനെ ഷെയറിട്ട് വാങ്ങിയ തമിഴ്‌നാട് സ്വദേശികളായ നാലംഗസംഘത്തെയാണ് കഴിഞ്ഞ തവണഭാഗ്യം കടാക്ഷിച്ചത്. ഇതോടെ കൂട്ടെത്തിൽ ആർക്കെങ്കിലും ഭാഗ്യം ഉണ്ടെങ്കിലോ എന്ന് കരുതി പലരും ഷെയറിട്ട് ലോട്ടറി വാങ്ങുന്നു.
നിയമപ്രകാരം ലോട്ടറി ടിക്കറ്റുകൾ ഷെയറിട്ട് വാങ്ങുന്നതിന് തടസ്സങ്ങളൊന്നുമില്ല. എന്നാൽ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക വീതിച്ചു നൽകാൻ ഭാഗ്യക്കുറി വകുപ്പിന് ഉത്തരവാദിത്തമോ അധികാരമോ ഇല്ല.അതിനാൽ തുക ഏറ്റുവാങ്ങുന്നതിനായി ഒരാളെ ചുമതലപ്പെടുത്തേണ്ടതുണ്ട്.സമ്മാനത്തുക ഏറ്റവാങ്ങാനായി ആളെ ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ സാക്ഷ്യപ്പെടുത്തി ഭാഗ്യക്കുറി വകുപ്പിൽ സമർപ്പിക്കണം. ഇത്തരത്തിൽ ചുമതലപ്പടുത്തുന്നവരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഇതിനു പുറമേ, ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക ഏറ്റുവാങ്ങാനായി ഒരാളെ ചുമതലപ്പെടുത്താം. ജോയിന്റ് അക്കൗണ്ടിലെ മുഴുവൻ അംഗങ്ങളുടെയും വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന് നൽകേണ്ടതുണ്ട്.
ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മീഷൻ കൂടി ലഭിക്കുമ്പോൾ ഇക്കുറി ഒറ്റ ബമ്പർ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികളാണ്.
Discussion about this post