റിയാദ്; പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് സൗദി അറേബ്യ. തീർത്ഥാടനത്തിന്റെ മറവിൽ സൗദിയിൽ എത്തുന്ന പാകിസ്താൻ യാചകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കർശന മുന്നറിയിപ്പുമായി സൗദി എത്തിയത്. യാചകരുടെ എണ്ണം വർദ്ധിക്കുന്നതിൽ നടപടിയെടുക്കണമെന്ന് സൗദി പാകിസ്താനോട് നിർദ്ദേശം നൽകി.
യാചകരെത്തുന്ന സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്താനികളായ ഉംറ,ഹജ്ജ് തീർത്ഥാടകരെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി വ്യക്തമാക്കി. ഉംറ വിസകളുടെ മറവിൽ രാജ്യത്തെത്തുന്ന പാകിസ്താനി യാചകരുടെ കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് പാകിസ്താൻ്റെ മതകാര്യ മന്ത്രാലയത്തിന് സൗദി ഹജ്ജ് മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിയുമായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ചർച്ച നടത്തിയിരുന്നു. സൗദി അറേബ്യയിലേക്ക് യാചകരെ അയക്കുന്ന മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഖ്വി ഉറപ്പ് നൽകിയിരുന്നു. കർശന മുന്നറിയിപ്പിന് പിന്നാലെ ഉംറ യാത്രകൾ സംഘടിപ്പിക്കുന്ന ട്രാവൽ ഏജൻസികളെ നിയന്ത്രിക്കാനും അവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള ‘ഉംറ നിയമം’ അവതരിപ്പിക്കാൻ പാകിസ്താൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചതായും വിവരമുണ്ട്.
ഓവർസീസ് പാകിസ്താനീസ് ആൻഡ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച്, വിദേശ രാജ്യങ്ങളിൽ നിന്ന് പിടിക്കപ്പെടുന്ന യാചകരിൽ 90 ശതമാനവും പാകിസ്താനിൽ നിന്നുള്ളവരാണ്. ഉംറ വിസയിൽ പാകിസ്ഥാനിൽ നിന്ന് സൗദി അറേബ്യയിലെത്തുന്നവരിൽ വലിയ വിഭാഗം ആളുകളും പിന്നീട് ഭിക്ഷാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു.അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്കെതിരെ കഴിഞ്ഞ മേയിൽ സൗദി സർക്കാർ ഫത്വ പുറപ്പെടുവിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് 10,000 റിയാൽ (ഏകദേശം 2 ലക്ഷം രൂപ) ആണ് പിഴ. ഇത്തരക്കാരെ നാടുകടത്തുകയും ചെയ്യും.
Discussion about this post