ചണ്ഡീഗഡ് : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബദ്ധത്തിലെങ്കിലും ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ? … ആഭ്യന്തര കലഹം കാരണം സ്ഥിരതയും വികസനവും തകരാറിലാവുമെന്നും സംസ്ഥാനത്തെ നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനായി ഗൊഹാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായരുന്നു മോദി.
സംവരണ വിഷയത്തിൽ കോൺഗ്രസിനെതിരെയും മോദി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് സംവരണത്തെ എതിർക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോൺഗ്രസ് സർക്കാർ രൂപീകരിച്ചിടത്തെല്ലാം മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉൾപ്പോരിൽ തുടരുകയാണ്. ജനങ്ങളുടെ വേദനയും പ്രശ്നങ്ങളുമായി അവർക്ക് ഒരു ബന്ധവുമില്ല. കോൺഗ്രസ് ഭരിക്കുന്ന കർണാടകയുടെ സ്ഥിതി തന്നെ നോക്കിയാൽ മനസ്സിലാവും എന്ന് മോദി കൂട്ടിച്ചേർത്തു .
രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ നടന്ന ആഭ്യന്തര കലഹങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമർശിച്ചു. അതിനാൽ, ഹരിയാന ജാഗ്രത പാലിക്കണം. ഓർക്കുക, അബദ്ധത്തിൽ പോലും കോൺഗ്രസ് അധികാരത്തിൽ വന്നാൽ, അത് ഹരിയാനയെ അതിന്റെ ചേരിപ്പോര് കാരണം നശിപ്പിക്കും,’ അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോൺഗ്രസിന് വോട്ട് ചെയ്യുക എന്നാൽ ഹരിയാനയുടെ സുസ്ഥിരതയും വികസനവും അപകടത്തിലാക്കും എന്നാണ് അർത്ഥം. സ്വയം നാശത്തിന്റെ വാതിലുകൾ തുറക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ രാജകുടുംബത്തിൽ നിന്ന് ആരു പ്രധാനമന്ത്രിയായാലും അവർ സംവരണത്തെ എതിർക്കും . സംവരണത്തോടുള്ള എതിർപ്പും വെറുപ്പും കോൺഗ്രസ് പാർട്ടിയുടെ ഡിഎൻഎയിലുണ്ട്. അതുകൊണ്ടാണ് കോൺഗ്രസിന്റെ രാജകുടുംബത്തിലെ നാലാം തലമുറ സംവരണം നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നത് . കോൺഗ്രസ് പാർട്ടിയുടെ സംവരണ വിരുദ്ധ തന്ത്രങ്ങൾ നിങ്ങൾ ജാഗ്രത പാലിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഹരിയാനയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ന് ഹരിയാന മുഴുവൻ ‘ഫിർ ഏക് ബാർ, ബിജെപി സർക്കാർ’ എന്ന് പറയുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post