തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടിക്കെതിരെയും വിമർശനം കടുപ്പിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ പരാതികളിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ പിവി അൻവർ മുഖ്യമന്ത്രിയെ കടുത്തഭാഷയിലാണ് വിമർശിച്ചത്
ഇനി സിപിഎമ്മിന്റെ പാർലമെന്ററി യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ എംഎൽഎ,നിയമസഭയിൽ നടുക്ക് ഇരിക്കുമെന്നും പ്രഖ്യാപിച്ചു. രാജിവയ്ക്കുന്നത് പൊട്ടനാണ് പിരാന്തൻ, ആ പിരാന്ത് തനിക്കില്ല, അതിന് കാത്തിരിക്കേണ്ടെന്നും അൻവർ പറഞ്ഞു. ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒന്നരവർഷം ഈ സ്ഥാനത്ത് ഉണ്ടാകും. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല. പാർട്ടി പറഞ്ഞാൽ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് നടക്കുന്ന കാര്യമല്ലെന്നും അൻവർ പറഞ്ഞു.
സ്വർണക്കടത്ത് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കുറ്റപ്പെടുത്തിയ പിവി അൻവർ മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ പോലും പിണറായിക്ക് അറിയില്ലെന്ന് വിമർശിച്ചു. . കാര്യങ്ങൾ ഇങ്ങനെ പോയാൽ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായിയെന്നും അൻവർ പരിഹസിച്ചു. സിപിഎമ്മിൽ അടിമത്തമാണ് നടക്കുന്നത്. മരുമകൻ മുഹമ്മദ് റിയാസിന് വേണ്ടിയാകാം ഇതെല്ലാം. പാർട്ടിയിൽ ഒരു റിയാസ് മാത്രം മതിയോയെന്നും സഖാക്കൻമാർ ഇതാലോചിക്കണമെന്നും അൻവർ ചോദിക്കുന്നു.സ്വർണത്തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതിനാൽ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും പിവി അൻവർ തുറന്നടിച്ചു .കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നതെന്ന് നിലമ്പൂർ എംഎൽഎ കുറ്റപ്പെടുത്തി.
2021 ൽ രണ്ടാമതും അധികാരം കിട്ടിയത് മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവത്തിലായിരുന്നു.അദ്ദേഹം അപ്പോൾ കത്തിജ്വലിച്ച് നിൽക്കുന്നൊരു സൂര്യനായിരുന്നു. ഇഷ്ടമായിരുന്നു അദ്ദേഹത്തെ ജനങ്ങൾക്ക്. എന്നാൽ ആ സൂര്യൻ കെട്ട് പോയി. നെഞ്ച് തട്ടിയാണ് ഇത് പറയുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100 ൽ നിന്ന് 0 ത്തിലേക്ക് പോയി. വലിയ വിഭാഗം ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് വെറുപ്പാണ്. ഇതൊക്കെ ഞാൻ മുഖ്യമന്ത്രിയോട് തന്നെ പറഞ്ഞതാണ്. ഇനിയും പി ശശിയെ വിശ്വസിക്കരുതെന്ന് ഞാൻ പറഞ്ഞു. ഇതൊക്കെ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. കാരണം കഴിഞ്ഞ 8 വർഷം അദ്ദേഹത്തെ സ്‌നേഹിച്ചത് അദ്ദേഹം നല്ല മതേതരവാദിയും ഉറച്ച കമ്മ്യൂണിസ്റ്റും അഴിമതി തൊട്ടുതീണ്ടാത്ത നേതാവുമാണെന്ന വിശ്വാസത്തിലാണെന്ന് പിവി അൻവർ പറഞ്ഞു.
Discussion about this post