മലപ്പുറം: മുഖ്യമന്ത്രിയ്‌ക്കെതിരായ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പി.വി അൻവർ എംഎൽഎയുടെ മുൻപിൽ ഫ്‌ളക്‌സ് സ്ഥാപിച്ച് സിപിഎം. ഇന്നലെ രാത്രിയോടെയാണ് വീടിന് മുൻപിൽ ബ്രാഞ്ച് കമ്മിറ്റി ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുള്ളത്. വിരട്ടലും വില പേശലും ഇങ്ങോട്ട് വേണ്ട എന്നാണ് ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നത്.
ഇന്നലെ വൈകീട്ട് അൻവർ നടത്തിയ വാർത്താ സമ്മേളനത്തിൽ വലിയ വിമർശനം ആയിരുന്നു മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെക്കുറിച്ചും അൻവർ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും ചിത്രമുള്ള ഫ്‌ളക്‌സ് ബോർഡായിരുന്നു സിപിഎം അൻവറിന്റ വീടിന് മുൻപിൽ സ്ഥാപിച്ചത്. നിലവിൽ പാർട്ടിയ്ക്കുള്ളിൽ നിന്നും അൻവറിനെതിരെ ശക്തമായ വിമർശനം ഉയർന്നുവരുന്നുണ്ട്. ഇതിനിടെയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടയെന്നും, ഇത് പാർട്ടി വേറെയാണ് എന്നും ഫ്‌ളക്‌സ് ബോർഡിൽ എഴുതിയിട്ടുണ്ട്.
മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നായിരുന്നു അൻവർ എംഎൽഎയുടെ പരാമർശം. ജ്വലിച്ച് നിൽക്കുന്ന സൂര്യൻ ആയിരുന്നു പിണറായി വിജയൻ. എന്നാൽ ആ സൂര്യൻ മങ്ങിയിരിക്കുന്നു. പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി കാട്ടുകള്ളൻ ആണെന്നും അൻവർ ആരോപിച്ചു.
Discussion about this post