മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി. വി അൻവർ എംഎൽഎ നടത്തിയ പ്രസ്താവനകളിൽ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി. അൻവറിന്റെ വാക്കുകൾ അപലപനീയം ആണെന്നും, പ്രതിഷേധാർഹമാണെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. ഒരു ജനപ്രതിനിധിയ്ക്ക് ഇണങ്ങാത്ത തരത്തിലുള്ള പ്രവൃത്തിയാണ് അൻവറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണക്കടത്ത് മാഫിയയുമായി അൻവറിന് ബന്ധമുണ്ട്. ഇന്നലെ നടത്തിയ വാർത്താ സമ്മേളനം ഇതിന് തെളിവാണ്. അൻവർ പുറത്തുവിട്ട വീഡിയോയിൽ ഉള്ളത് അറിയപ്പെടുന്ന സ്വർണക്കടത്ത് ക്യാരിയർമാരാണ്. ഇവരെ മഹത്വവത്കരിക്കുകയാണ് അൻവർ ചെയ്യുന്നത്. സ്വർണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസിനെ നിർവീര്യമാക്കണം, കള്ളക്കടത്തും ഹവാല ഇടപാടും സുഗമമാക്കണം. ഇതിന് വേണ്ടിയാണ് അദ്ദേഹം മുഖ്യമന്ത്രിയ്‌ക്കെതിരെ ഇത്തരം പ്രസ്താവനകൾ നടത്തിയത്. കഴിഞ്ഞ ദിവസം പങ്കെടുത്ത പരിപാടിയിൽ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചിരുന്നു. ഭീഷണിയുടെ രംഗങ്ങൾ മാദ്ധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതുമാണ്. ജനപ്രതിനിധിക്ക് നിരക്കാത്ത രീതിയിൽ എന്തും വിളിച്ചുപറയുകയും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് അൻവർ തുടരുന്നത്. അൻവറിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല. എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് അൻവർ തരംതാണുവെന്നും മോഹൻദാസ് വ്യക്തമാക്കി.
Discussion about this post