ന്യൂയോർക്ക്: ചൊവ്വയിൽ മനുഷ്യവാസം സാദ്ധ്യമാണോയെന്ന ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ശാസ്ത്ര ലോകം. ഭൂമിയ്ക്ക് സമാനമായ അന്തരീക്ഷം ഉള്ള ചൊവ്വയിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. എന്നാൽ ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ടെക്‌സസിലെ യൂണിവേഴ്‌സിറ്റിയിലെ ജീവശാസ്ത്രജ്ഞർ പറയുന്നത്.
ചൊവ്വയിൽ മനുഷ്യർക്ക് നിരവധി വെല്ലുവിളികൾ തരണം ചെയ്തുകൊണ്ട് മാത്രമേ ജീവിക്കാൻ കഴിയുകയുള്ളൂവെന്നാണ് ടെക്‌സസിലെ റൈസ് യൂണിവേഴ്‌സിറ്റിയിലെ ജീവശാസ്ത്ര വിഭാഗം ഗവേഷകർ പറയുന്നത്. ഭൂമിയ്ക്ക് സമാനമായ സാഹചര്യം ഉണ്ടെങ്കിലും അവിടെ ജീവിക്കാൻ സാധിക്കുകയില്ല. നിരവധി പരിവർത്തനങ്ങളിലൂടെ കടന്നു പോയതിന് ശേഷം മാത്രമേ മനുഷ്യർക്ക് ചൊവ്വയിൽ വാസം സാദ്ധ്യമാകുവെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ചൊവ്വയിൽ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങൾ നിരവധി പരിവർത്തനങ്ങളിലൂടെ കടന്ന് പോകുമെന്ന് ഗവേഷകനായ ഡോ. സ്‌കോട്ട് സോളമൻ വെളിപ്പെടുത്തുന്നു. ചൊവ്വയിൽ ഭൂമിയെ അപേക്ഷിച്ച് ഭൂഗുരുത്വാകർഷണം കുറവാണ്. ഇതുമാത്രമല്ല ഉയർന്ന അളവിൽ റേഡിയേഷനും ഉണ്ട്. ഇതെല്ലാം മനുഷ്യരുടെ ശരീരം പച്ച നിറത്തിൽ ആകുന്നതിന് കാാരണം ആകും. ഇതിന് പുറമേ പേശികളുടെ ശക്തി കുറയും, കാഴ്ച ഇല്ലാതാകും.
ചൊവ്വയ്ക്ക് കാന്തിക വലയം ഇല്ല. ഇത് സൂര്യനിൽ നിന്നുള്ള ദോഷകരമായ രശ്മികൾ നേരിട്ട് പതിയ്ക്കുന്നതിന് കാരണം ആകും. ഇത് ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളിൽ ജനിതക വ്യതിയാനങ്ങൾ ഉൾപ്പെടെ സംഭവിക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ റേഡിയേഷൻ നേരിട്ട് നമ്മുടെ ശരീരത്തിൽ പതിയ്ക്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. റേഡിയോ തരംഗങ്ങളെ പ്രതിരോധിച്ച് മുന്നേറാൻ ഭാവിയിൽ ചൊവ്വയിലെ ജീവിതം മനുഷ്യരെ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
Discussion about this post