മലപ്പുറം : പി വി അൻവർ എംഎൽഎക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധവുമായി സിപിഎം. അൻവറിന്റെ കോലം കത്തിച്ചും ബാനറുകളും ആയി തെരുവിലിറങ്ങിയും സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മലപ്പുറം നിലമ്പൂരിലും എടക്കരയിലും ആണ് സിപിഎം പ്രവർത്തകർ അൻവർ നെതിരെ പ്രതിഷേധിച്ചത്. സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടിടത്തും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്.
പി വി അൻവറിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളും സിപിഎം പ്രതിഷേധ പ്രകടനങ്ങളിൽ ഉയർന്നു. ചെങ്കൊടി തൊട്ടുള്ള കളി വേണ്ട എന്നും ഗോവിന്ദൻ മാഷ് ഒന്നും ഞൊടിച്ചാൽ കയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും എന്നുമെല്ലാമാണ് പ്രതിഷേധത്തിനിടെ ഉയർന്നുകേട്ട മുദ്രാവാക്യങ്ങൾ. എടവണ്ണയിൽ പി വി അൻവറിനെതിരായി രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടക്കുമെന്ന് സിപിഐഎം ഏരിയ കമ്മിറ്റി വ്യക്തമാക്കി.
പി വി അൻവറിന്റെ മണ്ഡലമായ നിലമ്പൂരിൽ വച്ചാണ് കോലം കത്തിക്കൽ നടന്നത്. നേരത്തെ അൻവറുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സിപിഎം പ്രവർത്തകരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. മലപ്പുറത്ത് കൂടാതെ കോഴിക്കോടും അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട് ടൗണിൽ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് ആയിരുന്നു സിപിഎം പ്രതിഷേധ പ്രകടനം നടത്തിയത്.
Discussion about this post