ന്യൂഡൽഹി/ മലപ്പുറം: ടാറ്റ ഗ്രൂപ്പിന്റെ സെമി കണ്ടക്ടർ പദ്ധതിയിൽ ഭാഗമാകാൻ കേരളത്തിൽ നിന്നുള്ള മലപ്പുറവും. പദ്ധതിയ്ക്കായി ജില്ലയിലെ ഒഴൂർ ഗ്രാമവും ടാറ്റ ഗ്രൂപ്പിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. 91,000 കോടി രൂപ ചിലവിട്ടാണ് ടാറ്റ ഗ്രൂപ്പ് ബൃഹദ് സെമി കണ്ടക്ടർ പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പദ്ധതി. ഇതോടെയാണ് മലപ്പുറവും പദ്ധതിയുടെ ഭഗമായത്. ഒഴൂരിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പും സംസ്ഥാന സർക്കാരും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഗുജറാത്തിലാണ് സെമി കണ്ടക്ടർ നിർമ്മാണത്തിനായുളള ടാറ്റയുടെ പ്രധാന പ്ലാന്റ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതിന്റെ അനുബന്ധ പ്ലാന്റ് ആണ് നിർമ്മിയ്ക്കുന്നത്. തായ്‌വാനുമായി സഹകരിച്ചാണ് ടാറ്റ ഗ്രൂപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സെമി കണ്ടക്ടർ നിർമ്മാതാക്കളായ പവർ ചിപ്പ് സെമി കണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനിയാണ് ഇതിനായി ടാറ്റാ ഗ്രൂപ്പുമായി സഹകരിക്കുന്നത്. മലപ്പുറത്ത് പ്ലാന്റ് സ്ഥാപിക്കാൻ ധാരണയായാൽ വലിയ തൊഴിലവസരങ്ങളാകും ഇവിടെയുള്ളവർക്ക് ലഭിക്കുക. പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലുള്ളവർക്കും പ്ലാന്റിന്റെ വരവ് ഗുണം ചെയ്യും. ഒരു ലക്ഷത്തോളം തൊഴിൽ സാദ്ധ്യതകൾ ആകും പ്ലാന്റ് വരുന്നതോട് കൂടി സൃഷ്ടിക്കപ്പെടുക.
Discussion about this post