തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിലെ എൻസിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസ് എത്തും. ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിലാണ് തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്നും മാറുമെന്ന കാര്യത്തിൽ തീരുമാനമായി. എൻസിപിയുടെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്ന് പിസി ചാക്കോ വ്യക്തമാക്കി. ഒക്ടോബർ മൂന്നാം തീയതി എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും ഒപ്പം മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതായിരിക്കും. ഏറെ നാളുകളായി മന്ത്രിസ്ഥാനത്തെ ചൊല്ലി എൻസിപിയിൽ തർക്കങ്ങൾ നിലനിന്നിരുന്നതിനിടയിലാണ് ഇപ്പോൾ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിൽ അന്തിമ തീരുമാനം ആയിരിക്കുന്നത്.
എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്നതിനെ എതിർത്ത് തൃശ്ശൂരിൽ എൻസിപിയുടെ പ്രത്യേക യോഗം പോലും ഉണ്ടായിരുന്നു. ഈ യോഗം വിളിച്ച വൈസ് പ്രസിഡണ്ട് പി കെ രാജൻ മാസ്റ്ററെ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് എ കെ ശശീന്ദ്രൻ പിസി ചാക്കോക്ക് കത്തയക്കുകയും ചെയ്തതോടെ എൻസിപി പിളർപ്പിലേക്ക് പോകുന്നതായും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
Discussion about this post