ലക്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഷീർ ഖാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ലക്‌നൗവിന് സമീപം ആയിരുന്നു അപകടം. താരം ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ സഹോദരൻ കൂടിയാണ് മുഷീർ ഖാൻ.
വെളളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അസംഗഡിൽ നിന്നും കാറിൽ ലക്‌നൗവിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം പിതാവും മറ്റ് രണ്ട് പേരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിലവിൽ മുഷീർ ഖാൻ അപകടനില തരണം ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച മുതൽ ഇറാനി കപ്പ് ആരംഭിക്കുകയാണ്. ഇതിന്റെ പരിശീലനത്തിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐയുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെയും മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിശദമായി നിരീക്ഷിച്ചുവരികയാണ്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിൽ എത്തിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Discussion about this post