മലപ്പുറം :ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച പി വി അൻവർ എംഎൽഎയുടെ രാഷട്രീയ യോഗം ഇന്ന്. നിലമ്പൂർ ചന്തക്കുന്നിൽ വൈകുന്നേരം 6.30നാണ് യോഗം വിളിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞിരുന്നു. പുതിയ പാർട്ടി രൂപീകരിക്കാൻ സാധ്യതയുണ്ട് എന്നാണ് സൂചന. പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ ആവർത്തിച്ചു.
പി വി അൻവറുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎമ്മും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർലമെൻററി പാർട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാൽ തന്നെ പി വി അൻവറുമായുള്ള എല്ലാ ബന്ധവും പാർട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. നിലവിൽ പാർട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതിൽ ആവശ്യവുമില്ല. അൻവർ വലതുപക്ഷത്തിന്റെ കോടാലിയാണ്. അൻവറിന് കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് ഒരു ധാരണയില്ല. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്തിറങ്ങണമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമാവാൻ അദ്ദേഹത്തിന് ഇന്നേ വരെ സാധിച്ചിട്ടില്ല. കോൺഗ്രസിന്റെ രാഷട്രീയ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുകയും തുടർന്ന് ഇടതുപക്ഷത്തിന്റെ സഹയാത്രികനായി പ്രവർത്തിക്കുകയും ചെയ്തു. സിപിഎമ്മിന്റെ രാഷ്ട്രീയമായി ബന്ധമുള്ള പ്രധാനപ്പെട്ട വേദികളിൽ ഒന്നും അൻവർ പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ചോ അതിന്റെ സംഘടാനാപരമായ രീതിയെ കുറിച്ചോ പാർട്ടി നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post