ന്യൂഡൽഹി: വഖഫ് ബോർഡ് ഉൾപ്പെടെയുള്ള തർക്ക ബില്ലുകൾ ഈ വർഷം പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കെ, ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് തന്ത്രപരമായ നീക്കങ്ങളുമായി ബി ജെ പി. പ്രധാന പാർലമെൻ്ററി പാനലുകൾ “എൻഡിഎ” ഘടകകക്ഷികൾക്ക് നേതൃത്വം നൽകാൻ വിട്ടുകൊടുത്താണ് ബി ജെ പി എൻ ഡി എ ശാക്തീകരണം നടപ്പിലാക്കുന്നത്. ഇതോട് കൂടി അധികാരമല്ല നയങ്ങളാണ് തങ്ങൾക്ക് പ്രധാനം എന്ന് ഒരിക്കൽ കൂടെ വ്യക്തമാക്കിയിരിക്കുകയാണ് ബി ജെ പി.
ഒരു കമ്മിറ്റിയെ നയിക്കാൻ മതിയായ സംഖ്യയില്ലാത്ത ജെഡിയു, ബിഹാർ സഖ്യകക്ഷിയുടെ വർക്കിംഗ് പ്രസിഡൻ്റ് സഞ്ജയ് ഝായുടെ നേതൃത്വത്തിൽ ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്ക്കുള്ള കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
മറ്റൊരു എൻഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ മഗുന്ത ശ്രീനിവാസുലു റെഡ്ഡിയാണ് ഭവന-നഗരകാര്യ സമിതിയുടെ തലവൻ. എൻസിപിയുടെ ഏക ലോക്‌സഭാ അംഗം സുനിൽ തത്‌കരെ പെട്രോളിയം, പ്രകൃതി വാതകം എന്നിവ ഉൾപ്പെടുന്ന പാനലിൻ്റെ തലവനാകും. മറ്റൊരു പ്രധാനപ്പെട്ട പാനലുകളിലൊന്നായ ഊർജ സമിതിയെ ശിവസേനയുടെ ശ്രീരംഗ് അപ്പ ബാർനെ നയിക്കും.
ഇതിൽ എൻ സി പി ക്ക് കൊടുത്ത പ്രാധാന്യം ബി ജെ പി യുടെ രാഷ്ട്രീയ മാന്യതയുടെയും അന്തസ്സിന്റെയും മകുടോദാഹരണമായി. എൻ ഡി എ ക്ക് വേണ്ടി വോട്ട് മറിക്കുന്നതിൽ എൻ സി പി അജിത് പവാർ വിഭാഗം പരാജയപെട്ടതായിരിന്നു മഹാരാഷ്ട്ര ലോക് സഭയിൽ ഇത്തവണ ബി ജെ പി യുടെ മോശം പ്രകടനത്തിന് പ്രധാന കാരണം. എങ്കിലും ശക്തമായ സ്ഥാനം തന്നെ എൻ സി പി ക്ക് നൽകിയതിലൂടെ, രാഷ്ട്രീയ മാന്യതയിൽ ആർക്കും എത്തിപ്പിടിക്കാൻ ആകാത്ത ഉയരത്തിലാണ് തങ്ങളെന്ന് ബി ജെ പി തെളിയിച്ചിരിക്കുകയാണ്.
ഇതിന്റെ ഫലം പ്രകടമായി കാണാനും സാധിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ ഹിന്ദുത്വ വിഷയങ്ങളിൽ ബി ജെ പി യെ പൊതുവെ ഒറ്റപ്പെടുത്താറുണ്ടായിരുന്ന സഖ്യ കക്ഷികൾ, ഇത്തവണ വലിയ രീതിയിലുള്ള പിന്തുണയാണ് നൽകുന്നത്.
ജെഡിയു മേധാവിയും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ അടുത്തിടെ, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനും വികസന പദ്ധതികൾക്കും പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചത് ഇതിനുദാഹരണമാണ്. ഇത് കൂടാതെ സംസ്ഥാനത്തെ സീതാമർഹി ജില്ലയിലെ സീതയുടെ ജന്മസ്ഥലമായ പുനൗരാ ധാമിൻ്റെ വികസനത്തിനുള്ള ബീഹാർ സർക്കാരിൻ്റെ പദ്ധതിയും അദ്ദേഹം ഉയർത്തിക്കാട്ടി.
വാജ്‌പേയ് ഭരണകാലത്ത് കോമൺ മിനിമം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇന്ത്യയിൽ സഖ്യം രൂപപ്പെട്ടിരുന്നത്. അത് കൊണ്ട് തന്നെ ബി ജെ പി യുടെ പല നയങ്ങളും പൂർണ്ണമായി ആവിഷ്കരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ബി ജെ പി യോളം അല്ലെങ്കിൽ ബി ജെ പി യെക്കാൾ കൂടുതൽ ഹിന്ദുത്വ യെ പിന്താങ്ങുന്ന സഖ്യ കക്ഷികളെയാണ് പലപ്പോഴും നമ്മൾ കണ്ടത്. തിരുപ്പതി ലഡു വിവാദം ഉയർത്തി കൊണ്ട് വന്ന ചന്ദ്ര ബാബു നായിഡുവിന്റെ നടപടി അതിന് ഉദാഹരണമാണ്.
Discussion about this post