ജെറുസലേം: ഹസൻ നസ്രല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ ഹസ്സൻ ഖാലി യാസ്സിനാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ അർദ്ധരാത്രിയോടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖാലി യാസ്സിനെ വധിച്ചത്.
ബെയ്‌റൂട്ടിലെ തെക്കൻ മേഖലയിൽ ആയിരുന്നു ഇസ്രായേലിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ. ഖാലി യാസ്സിനൊപ്പം കൂട്ടാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരണം. ഇസ്രായേലിലെ ജനവാസ മേഖലകളും സൈനിക കേന്ദ്രങ്ങളും കണ്ടെത്തുന്നതിൽ ഹിസ്ബുള്ള ഭീകരെ ഖാലി യാസ്സിൻ ആയിരുന്നു സഹായിച്ചിരുന്നത്. ഇതിന് പുറമേ ചില കേന്ദ്രങ്ങളിൽ ഖാലി യാസ്സിന്റെ നേതൃത്വത്തിൽ ഭീകരാക്രമണങ്ങൾ നടന്നിരുന്നു. വരും മണിക്കൂറുകളിലും ഹിസ്ബുള്ളയുടെ ഭാഗത്ത് ഇസ്രായേൽ വൻ ആൾനാശം ഉണ്ടാക്കുമെന്നാണ് സൂചന.
ഹസ്സൻ നസ്രല്ലയെ വധിച്ച് 24 മണിക്കൂർ പിന്നിടുന്നതിന് മുൻപാണ് ഖാലി യാസ്സിന്റെ മരണവിവരം പുറത്തുവരുന്നത്. ഇത് ഹിസ്ബുള്ളയെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ സേന നടത്തിയ ഭീകരാക്രമണത്തിൽ ആയിരുന്നു നസ്രല്ലയെ വധിച്ചത്. നസ്രല്ലയ്‌ക്കൊപ്പം മകളും കൂട്ടാളികളും കൊല്ലപ്പെട്ടിരുന്നു. ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ആയിരുന്നു ഇവരെ വധിച്ചത്.
Discussion about this post