ഇസ്താംബുൾ: സ്വയം വിവാഹംചെയ്ത് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടിയ സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. തുർക്കിയിലെ ടിക് ടോക് താരമായ കുബ്ര അക്യുതും ആണ് ആത്മഹത്യ ചെയ്തത്. സുൽത്താൻബെയ്ലി ജില്ലയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ടിക് ടോക്കിൽ ഒരുമില്യണിലേറെ ഫോളോവേഴ്സ് ആണ് കുബ്രക്ക് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ രണ്ടരലക്ഷത്തോളം പേരും കുബ്രക്ക് ഫോളോവേഴ്സ് ആയി ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം സ്വയം വിവാഹം ചെയ്യുകയാണ് എന്ന കുബ്രയുടെ പ്രഖ്യാപനം വാർത്തകളിലിടം നേടിയിരുന്നു. അനുയോജ്യനായ വരനെ കിട്ടാത്തതിനാലാണ് താൻ സ്വയം വിവാഹംചെയ്യുന്നതെന്നാണ് യുവതി പറഞ്ഞത്എന്നാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച തന്റെ വിവാഹചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.
ശരീരഭാരം കുറയുന്നത് സംബന്ധിച്ച ആശങ്കയാണ് കുബ്ര അവസാനം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചതെന്ന് ആണ് റിപ്പോർട്ട്. ‘എനിക്ക് എന്റെ ഊർജം നേടാനായി. എന്നാൽ ഭാരം വർധിപ്പിക്കാനായില്ല. എല്ലാദിവസവും ഓരോ കിലോഗ്രാം ഭാരം കുറയുകയാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അടിയന്തരമായി എനിക്ക് ശരീരഭാരം വർധിപ്പിക്കണം’ എന്നായിരുന്നു കുബ്രയുടെ കുറിപ്പ്.
അതേസമയം, യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിടുകൊടുക്കും.
Discussion about this post