സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി. ശനിയാഴ്ചയാണ് നാസയുടെ നിക്ക് ഹേഗിനെയും റഷ്യൻ ബഹിരാകാശയാത്രികനായ അലക്‌സാണ്ടർ ഗോർബുനോവിനെയും വഹിച്ചുകൊണ്ട് പേടകം വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കേപ് കനവെറൽ സ്റ്റേഷനിലെ എസ്എൽസി-40 ൽ നിന്നാണ് വിക്ഷേപണം നടന്നത്.
ബഹിരാകാശ നിലയത്തിൽ കുടുങ്ങി കിടക്കുന്ന സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയുമായി 2025 ഫെബ്രുവരിയിൽ പേടകം തിരിച്ച് ഭൂമിയിലേക്ക് എത്തും എന്നാണ് വിവരം.
2024 ജൂൺ 6 മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുകയാണ് ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബാരി വിൽമോറും. ഇവരെ ഭൂമിയിലേക്ക് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ച് മാസങ്ങൾ നീണ്ട ദൗത്യത്തിനായി ആണ് ക്രൂ9 വിക്ഷേപിച്ചിരിക്കുന്നത്. കേപ്പ് കനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കുന്ന ആദ്യത്തെ മനുഷ്യരെ വഹിച്ചുള്ള ദൗത്യമാണ് ക്രൂ9.
അഞ്ചുമാസ ദൗത്യത്തിനുശേഷം മടങ്ങുമ്പോൾ സുനിതയെയും ബുച്ച് വിൽമോറിനെയും കൂടെക്കൂട്ടാനായി പേടകത്തിൽ സീറ്റുകൾ ഒഴിച്ചു ഇട്ടിട്ടുണ്ട്. വ്യാഴാഴ്ച പുറപ്പെടേണ്ട ദൗത്യം ഫ്ലോറിഡയിൽ വീശിയടിച്ച ഹെലൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്‌ക്കുകയായിരുന്നു. ജൂൺ അഞ്ചിന് എട്ടുദിവസത്തെ പര്യടനത്തിനായി ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും പേടകത്തിന്റെ തകരാറിനെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് ഇവരില്ലാതെ പേടകം തിരിച്ചിറക്കുകയായിരുന്നു.
Discussion about this post