എറണാകുളം: നിയമത്തിന് മുൻപിൽ നിന്നും ഒളിച്ചോടുന്ന ഒരിക്കലും ശരിയല്ലെന്ന് നടി നവ്യ നായർ. ഒളിച്ചോട്ടം നല്ലതാണെന്ന് താൻ പറയില്ല. കോടതിയും പോലീസും ഇടപെട്ട കേസിൽ അതിന്റേതായ തീരുമാനങ്ങൾ ഉണ്ടാകട്ടെയെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് ആയിരുന്നു നടിയുടെ പ്രതികരണം.
മാതംഗി ഫെസ്റ്റിന്റെ ഭാഗമായിട്ടായിരുന്നു നടി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. പരിപാടിയുടെ വിവരങ്ങൾ പങ്കുവച്ചതിന് പിന്നാലെ നടിയോട് മാദ്ധ്യമങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായുകയായിരുന്നു. സിദ്ദിഖ് ഒളിവിൽ പോയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചത്. സിദ്ദിഖ് പേര് പരാമർശിക്കാതെ ആയിരുന്നു നടിയുടെ പ്രതികരണം.
ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമല്ല നിങ്ങൾ ചോദിക്കുക എന്ന് തനിക്ക് അറിയാം. ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടി പോകാനൊന്നും താൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾക്ക് എന്താണോ മനസിൽ തോന്നുന്നത് അതാണ് തനിക്ക് തോന്നുന്നത്. അത് നിങ്ങൾ മനസിലാക്കിയാൽ മതിയെന്നും നവ്യ നായർ പറഞ്ഞു.
വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാകുമ്പോൾ ഒളിച്ചോടുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല. നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയല്ല. അത് നല്ലതാണെന്ന് താൻ പറയുകയും ഇല്ല. സിനിമാ മേഖലയിൽ മാത്രമല്ല , എല്ലാ മേഖലയിലും മാറ്റം അനിവാര്യമാണ്. കലാമേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി കാലാനുസൃതമായ മാറ്റം വേണം. സിനിമാ രംഗവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ആണ് ഉയർന്നുവന്നിരിക്കുന്നത്. ഇതിൽ അതിയായ ആശങ്കയുണ്ടെന്നും നവ്യ കൂട്ടിച്ചേർത്തു.
Discussion about this post