അങ്കാര: ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന ഐ ലൈനർ കണ്ടെത്തി പുരാവസ്തു ഗവേഷകർ. തുർക്കിയിലാണ് സംഭവം. ഖോൽ സ്റ്റിക്ക് എന്ന പേരിൽ ഇന്ന് ആളുകൾക്കിടയിൽ പ്രചാരത്തിലുള്ള ഐ ലൈനർ ആണ് കണ്ടെത്തിയത്. പുരാതന കാലത്ത് തന്നെ ആളുകൾ മുഖം സുന്ദരമാക്കാൻ മേയ്ക്ക് അപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് ഈ കണ്ടുപിടിത്തം വ്യക്തമാക്കുന്നത്.
ഐ ലൈനറിന് 8000 വർഷത്തെ പഴക്കം ഉണ്ടെന്നാണ് കണ്ടെത്തൽ. യെസിലോവ ഹൗയ്ക്ക് എന്ന മേഖലയിൽ നിന്നുമാണ് ഐ ലൈനർ കണ്ടെത്തിയത്. പച്ച നിറമുള്ള കല്ലിൽ സർപ്പത്തിന്റെ ആകൃതിയിൽ ആണ് ഈ ഐലൈനർ നിർമ്മിച്ചിരിക്കുന്നത്. അറ്റത്തുള്ള കൂർത്ത ഭാഗത്ത് കറുത്ത മഷി പുരണ്ടതും കാണാം.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഐ ലൈനർ ലിംഗ ഭേദമില്ലാതെ എല്ലാവരും ഉപയോഗിച്ചിരുന്നതായി ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ സഫർ ഡെറിൻ പറഞ്ഞു. ഈജിപ്ത്, സിറിയ, ആന്റോലിയ എന്നീ മേഖലകളിൽ ആളുകൾ ഈ ഐ ലൈനർ ഉപയോഗിച്ചിരുന്നു. ഇന്നും ഇതാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയ ഐ ലൈനർ നിയോലിത്തിക് കാലഘട്ടത്തുള്ളതാകാനാണ് സാദ്ധ്യത. 10 സെന്റിമീറ്ററോളം ഇതിന് നീളമുണ്ട്. ഇതിന്റെ തലപ്പത്ത് പേനയുടേതിന് സമാനമായ രൂപമാണ് ഉള്ളത്. ഖോലിൽ മുക്കിയ ശേഷം ഇത് ഉപയോഗിച്ച് കണ്ണെഴുതുകയാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു. ഐ ലൈനർ വിശദമായ പരിശോധനയ്ക്കായി ഗവേഷകർ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
Discussion about this post