മുംബൈ: റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് പരിക്കേറ്റതിന് ശേഷം ആദ്യ പ്രസ്താവന പുറത്തിറക്കി നടൻ ഗോവിന്ദ. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ആശുപത്രിയിൽ നിന്ന് റെക്കോർഡ് ചെയ്‌ത ഓഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
തന്നെ പിന്തുണയ്ക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിനും അദ്ദേഹം നന്ദി പറഞ്ഞു. ഡോക്ടർമാർ തൻ്റെ കാലിൽ നിന്ന് ബുള്ളറ്റ് നീക്കം ചെയ്തതായും ഇപ്പോൾ സുഖം പ്രാപിക്കുന്നതായും താരം അറിയിച്ചു.
‘ഇത് ഗോവിന്ദയാണ്. എൻ്റെ ആരാധകരുടെയും മാതാപിതാക്കളുടെയും ദൈവത്തിൻറെയും അനുഗ്രഹത്താൽ ഞാൻ ഇപ്പോൾ സുഖം പ്രാപിക്കുന്നു. വെടിയേറ്റ് പരിക്കേറ്റു, പക്ഷേ ഇപ്പോൾ സുഖമായിരിക്കുന്നു. ഡോക്ടര്‍മാര്‍ കാലിലെ ബുള്ളറ്റ് നീക്കം ചെയ്തു. എൻ്റെ ക്ഷേമത്തിനായി പ്രാർത്ഥിച്ച എൻ്റെ എല്ലാ ആരാധകർക്കും എൻ്റെ ഡോക്ടർ അഗർവാളിനും ഞാൻ നന്ദി പറയുന്നു’ ഗോവിന്ദ പറഞ്ഞു.
പുലർച്ചെ 4.45 ന് ആണ് സംഭവം. പുറത്തേക്ക് പോകുന്നതിനു മുമ്പ് തന്റെ ലൈസൻസുള്ള റിവോൾവർ വൃത്തിയാക്കുന്നതിനിടെ അറിയാതെ കാലിലേക്ക് വെടിയേല്‍ക്കുകയായിരുന്നു. നടൻ്റെ കാൽമുട്ടിന് താഴെയാണ് ബുള്ളറ്റ് കൊണ്ടത്. ഒരു പരിപാടിക്കായി കൊൽക്കത്തയിലേക്ക് പോകാനിരിക്കുകയായിരുന്നു ഗോവിന്ദ.
നിലവില്‍ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഗോവിന്ദ. ശരീരത്തിൽ നിന്നും ബുള്ളറ്റ് നീക്കം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ഗോവിന്ദയുടെ മാനേജർ അറിയിച്ചു. മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നടനെ പ്രവേശിപ്പിച്ചത്.
Discussion about this post