ടെൽ അവീവ് : ഇറാന്റെ മിസൈൽ ആക്രമണത്തിന്റ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർക്ക് നിർദേശം നൽകി ഇന്ത്യൻ എംബസി. ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം പ്രോട്ടോക്കോളുകൾ പാലിക്കാനും എംബസി ആവശ്യപ്പെട്ടു.
ദയവായി ജാഗ്രതാ പാലിക്കുക. രാജ്യത്തിനുള്ളിലെ അനാവശ്യ യാത്രകൾ ഒഴിവാക്കുക . സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക എന്ന് മുന്നറിയിപ്പിൽ പറയുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയും നമ്മുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ അധികാരികളുമായി നിരന്തരം സംസാരിക്കുന്നുണ്ട് എന്ന് എംബസി അറിയിച്ചു. കൂടാതെ അടിയന്തരമായി കോൺടാക്റ്റ് ചെയ്യാൻ നമ്പറുകളും നൽകിയിട്ടുണ്ട്. (+972-547520711, +972-543278392).
ഇസ്രയേലിലെ ടെൽ അവീവിൽ ഉൾപ്പെടെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ളവർ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.
മലയാളികൾ ഉൾപ്പെടെ താമസിക്കുന്ന മേഖലയിൽ ആക്രമണം നടന്നതായാണ് വിവരം. മിസൈൽ ആക്രമണത്തിൽ ഇതുവരെ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇസ്രയേൽ അറിയിച്ചു. എന്നാൽ ആക്രമണത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇറാൻ ഇസ്രയേലിന് നേരെ 400ലധികം മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്.
ആക്രമണത്തിന് മറുപടി കൊടുക്കുമെന്നും സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post