ടെൽ അവീവ്: ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ. അർദ്ധരാത്രി വ്യോമാക്രമണം നടത്തി. സംഭവത്തിൽ ആളപായം ഇല്ലെന്ന് ഇസ്രായേൽ അറിയിച്ചു. വ്യോമാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ടെൽ അവീവിൽ ആണ് മൊസാദിന്റെ ആസ്ഥാനമുള്ളത്. കെട്ടിടം ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മിസൈൽ ഇവിടെ നിന്നും മൂന്ന് കിലോ മീറ്റർ ദൂരെയുള്ള ഹെർസ്ലിയയിലാണ് പതിച്ചത്. ഇവിടെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇവിടെയുള്ള അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗിന്റെ ഭാഗത്താണ് മിസൈൽ പതിച്ചത്. അതിനാൽ ചെറിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചത്. ഇറാന്റെ പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.
ഇറാന്റെ മിസൈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രേയിലെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നത് തുടരുകയാണ്. ഇതുവരെ 10 ലക്ഷത്തോളം ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ ഇറാന്റെ ആക്രമണങ്ങൾ പരമാവധി ചെറുക്കുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹിസ്ബുള്ളയുടെ നേതാവ് ഹസ്സൻ നസറുള്ളയെ ഇസ്രായേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചത്. ഇസ്രായേലും ശക്തമായി പ്രതിരോധിക്കുന്നുണ്ട്.
Discussion about this post