എല്ലാ ജീവികൾക്കുമുള്ള വികാരമാണ് വിശപ്പ്. ജീവനുള്ള എല്ലാ ജീവികൾക്കും ജീവൻ നിലനിർത്തണം എങ്കിൽ ഈ വികാരം കൂടിയേ തീരു. കാരണം വിശപ്പുള്ളപ്പോൾ മാത്രമാണ് നാം ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്.
ഭക്ഷണം കഴിച്ച് ഒരു നിശ്ചിത ഇടവേളകളിൽ ആണ് നമുക്ക് സാധാരണയായി വിശപ്പ് അനുഭവപ്പെടുക. ഉദാ: രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട്, രാത്രി. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അത് ദഹിക്കാൻ മൂന്ന് മണിക്കൂറോളം വേണമെന്നാണ് പറയപ്പെടുന്നത്. ഭക്ഷണം പൂർണമായി ദഹിച്ച് കഴിഞ്ഞാൽ വിശപ്പ് അനുഭവപ്പെടും. എന്നാൽ ചിലർക്ക് വയറ് നിറയെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് മണിക്കൂർ ഒന്ന് തികയുന്നതിന് മുൻപ് തന്നെ വിശപ്പ് അനുഭവപ്പെടാറുണ്ട്. ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പല കാരണങ്ങൾ കൊണ്ടും നമുക്ക് ഇടയ്ക്കിടയ്ക്ക് വിശപ്പ് വരാം. മാനസിക സമ്മർദ്ദം ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം. മാനസിക സമ്മർദ്ദം, ഉത്കണ്ഠ, എന്നിവയുള്ളവരുടെ ശരീരത്തിൽ സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം കൂടും. ഇതാണ് വിശപ്പ് തോന്നാൻ കാരണം ആകുന്നത്. മാനസിക സമ്മർദ്ദം ഇല്ലാതെ എല്ലായ്‌പ്പോഴും സന്തോഷമായി ഇരിക്കുകയാണ് ഇത് പരിഹരിക്കാൻ ചെയ്യേണ്ടത്.
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ ഫൈബർ, പ്രോട്ടീൻ എന്നിവയുടെ അളവ് കുറയുന്നതും അടിയ്ക്കടി വിശപ്പ് തോന്നാൻ കാരണം ആകും. നമ്മുടെ ദഹന പ്രക്രിയയെ സുഗമമാക്കുന്ന ഘടകമാണ് ഫൈബർ. അതുകൊണ്ട് തന്നെ ഇതിന്റെ അഭാവം വിശപ്പിന് കാരണം ആകുന്നു. ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്താം.
മൊബൈലും ടിവിയും എല്ലാം കണ്ട് ഭക്ഷണം കഴിക്കുന്നവരാകും ഭൂരിഭാഗവും. ഈ ശീലവും നമുക്ക് ഇടയ്ക്കിടെ വിശപ്പ് തോന്നാൻ കാരണം ആകും. അതുകൊണ്ട് തന്നെ ഈ ശീലം ഒഴിവാക്കാം.
വ്യായാമം ചെയ്യുന്നത് നമ്മുടെ ശരീരത്തിന് നല്ലതാണ്. എന്നാൽ ഒരുപാട് വ്യായാമം ചെയ്യുന്നത് അമിതമായ വിശപ്പിനും കാരണം ആകും. ഭക്ഷണം അതിവേഗം ചവച്ച് അരച്ച് കഴിക്കുന്നവരിലും ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടും.
Discussion about this post