തലയിലെ നര മറയ്ക്കാൻ ഹെയർ ഡൈകളും ഹെയർ കളറുകളും ഉപയോഗിക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും. പണ്ട് കാലത്ത് മുടിയിൽ ഡൈ അടിയ്ക്കുക ഏറെ പ്രയാസകരമായിരുന്നു എങ്കിൽ ഇന്ന് ഇത് വളരെ എളുപ്പമാണ്. ഷാംപൂ ഹെയർ ഡൈകൾ വിപണിയിൽ എത്തിയതോടെയാണ് മുടി കളർ ചെയ്യുക എന്നത് വളരെ എളുപ്പം ആയത്. ഇതോടെ ഡൈ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്.
ഷാംപൂ പോലെയോ എണ്ണ പോലെയോ വെറുതെ തലയിൽ ഉപയോഗിക്കാവുന്ന ഒന്നല്ല ഹെയർ ഡൈകൾ. മുടി കറുപ്പിക്കാനായി ഡൈകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം മുടി കൊഴിച്ചിലുൾപ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് ഇത് വഴിവയ്ക്കും.
ആദ്യമായി മുടി കറുപ്പിക്കാൻ കെമിക്കൽ ഡൈ ഉപയോഗിക്കുന്നതിന് പകരം നാച്യൂറലായുള്ള ഡൈകൾ ഉപയോഗിക്കാം. ഹെന്നയുൾപ്പെടെ മുടിയ്ക്ക് നിറം നൽകാൻ ഉപയോഗിക്കാവുന്ന മാർഗ്ഗങ്ങളാണ്. ഇനി ഡൈ അടിയ്ക്കുകയാണ് എങ്കിൽ അതിന് മുന്നോടിയായി തല ഷാംപൂ ഉപയോഗിച്ച് കഴുകാതെ ഇരിക്കുക. ഇത് തലയിലെ സ്വാഭാവികമായുള്ള എണ്ണ ഇല്ലാതാക്കുന്നതിനും ശിരോ ചർമ്മം വരണ്ട് പോകുന്നതിനും കാരണം ആകുന്നു. മുടി കളർ ചെയ്യുന്നതിന് മുൻപായി ഏതെങ്കിലും ഡോക്ടറെ കണ്ട് പ്രീ കളർ ട്രീറ്റ്‌മെന്റ് എടുക്കാം.
ഡൈ അടിച്ച ശേഷം ശിരോ ചർമ്മവും മുടിയും മൃദുവായി സൂക്ഷിക്കണം. ഇതിനായി ഉയർന്ന നിലവാരത്തിലുള്ള ഹെയർ ഓയിലുകൾ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കാം. കണ്ടീഷനിംഗ് ക്രീമുകളും മുടിയ്ക്ക് നല്ലതാണ്.
ഹെയർ ഡൈ ചെയ്യുന്നവർ ഷാംപൂ ഉപയോഗിക്കുന്ന കാര്യത്തിലും ശ്രദ്ധ ചെലുത്തണം. സൾഫേറ്റ് ഫ്രീ ആയ ഷാംപൂകൾ വേണംഉ ഉപയോഗിക്കാൻ. മുടിയുടെ നിറം ദീർഘകാലം സംരക്ഷിക്കുന്ന ഷാംപൂകൾ വിപണിയിൽ ലഭ്യമാണ്. ഇവ ഉപയോഗിക്കുന്നത് വഴി ഇടയ്ക്കിടെ മുടി ഡൈ ചെയ്യുന്ന തലവേദന ഒഴിവാക്കാം. ഡൈ അടിയ്ക്കുന്നവർ ചൂട് വെള്ളത്തിൽ മുടി കഴുകുന്നത് നിർബന്ധമായും ഒഴിവാക്കണം. ഇത് തലയോട്ടിയിലെ സുഷിരങ്ങൾ തുറക്കുന്നതിനും അതുവഴി മുടി കൊഴിയുന്നതിനും കാരണം ആകും. അതിനാൽ നല്ല തണുത്ത വെള്ളത്തിൽ തല കഴുകാം. ഡൈ അടിയ്ക്കുന്നവർ ഹീറ്റ് ഹെയർ സ്‌റ്റൈലിംഗും ഒഴിവാക്കണം.
Discussion about this post