ന്യൂഡൽഹി: പുതിയ രാഷ്ട്രീയപാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നേരത്തെ സ്ഥാപിച്ച ജൻ സുരാജ് എന്ന സംഘടനയെ ജൻ സുരാജ് പാർട്ടിയായി അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ന് ഗാന്ധിജയന്തി ദിനത്തിൽ പട്‌നയിൽ റാലി സംഘടിപ്പിച്ചുകൊണ്ടാണ് പാർട്ടി പ്രഖ്യാപനം. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പാർട്ടി പ്രഖ്യാപനം.
വിദേശകാര്യ സർവിസിൽ നിന്ന് വിരമിച്ച മനോജ് ഭാരതിയാണ് പാർട്ടിയെ നയിക്കുക. ബിഹാറിൽ അധികാരത്തിലെത്തുകയാണെങ്കിൽ മദ്യനിരോധനം ഒഴിവാക്കുമെന്നും അതുവഴിയുള്ള വരുമാനം വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുമെന്നും പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങി സമൂഹം നേരിടുന്ന വെല്ലുവിളികളെ ഇല്ലായ്മ ചെയ്യുകയാണ് പാർടിയുടെ പ്രധാന അജണ്ട. യുവാക്കൾക്ക് തൊഴിലവസരം നൽകുമെന്നും പാവപ്പെട്ടവരുടെ സാമൂഹിക പെൻഷൻ തുക വർധിപ്പിക്കുമെന്നും പാർടി റാലിയിൽ പ്രശാന്ത് കിഷോർ പറഞ്ഞു.
ബിഹാർ നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളുടെ ഒരു രൂപരേഖ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെയും ന്യൂനപക്ഷങ്ങളുടെയും സംയോജനമാണ് തന്റെ പാർട്ടിയെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
Discussion about this post